കോടികൾ ലഭിക്കുന്ന ആ ജോലി എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട് -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ന്യായീകരണം അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ‘മുഖ്യമന്ത്രിയുടെ മകൾ വീണ ജോലി ചെയ്തതിനാണ് പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികൾ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. മകൾക്ക് ബിസിനസ് ബന്ധമാണ് കരിമണൽ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം’ -സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വീണയുടെ എക്സാലോജിക്കുമായി സി.എം.ആർ.എല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സി.എം.ആർ.എല്ലിന് വേണ്ടി കേന്ദ്രസർക്കാർ നിയമം അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. മാസപ്പടിയിൽ അതുകൊണ്ടാണോ തൻറെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം.
96 കോടി ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിൻറെ രേഖയാണ്. കരിമണൽ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകൾക്കുമുള്ള ബന്ധം കേരളത്തിനെ ബാധിക്കുന്നതാണ്. പിണറായി വിജയൻറെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റിൽ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു. രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തിൽനിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല.
പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയിൽ നിന്നും പിണറായി വിജയൻ കൈപ്പറ്റി എന്ന് പറഞ്ഞത് അദ്ദേഹത്തിൻറെ മുൻ സഹപ്രവർത്തകനായ ജി. ശക്തിധരനാണ്. കരിമണൽ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്തിധരൻറെ ആരോപണവും ആദായനികുതി വകുപ്പിൻറെ രേഖയും മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണ്. ഇന്നത്തെ നിയമസഭയിലെ അദ്ദേഹത്തിൻറെ പ്രസംഗം ഇരുട്ട്കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണ്. പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയത് കൊണ്ടാണ് യു.ഡി.എഫ് സഭയിൽ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.