Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുട്ടിൽ മരം മുറി:...

മുട്ടിൽ മരം മുറി: വനംവകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു -കെ. സുരേന്ദ്രൻ

text_fields
bookmark_border
മുട്ടിൽ മരം മുറി: വനംവകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു -കെ. സുരേന്ദ്രൻ
cancel
Listen to this Article

മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളത്തിൽ പറഞ്ഞു.

കേസ് ശരിയായ രീതിയിൽ അന്വേഷിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റവും ആരോപണ വിധേയന് സ്ഥാനക്കയറ്റവും നൽകുക വഴി സംസ്ഥാന സർക്കാറിന്റെ നിഗൂഢ താത്പര്യത്തോട് കൂടി തന്നെയായിരുന്നു മുട്ടിൽ മരം മുറി നടന്നതെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നിൽ ചരടുവലിക്കുന്നത് മുഖ്യമന്ത്രിയാണ്. പിണറായി വിജയൻ സർക്കാർ വളരെ ആസൂത്രിതമായി എടുത്ത തീരുമാനമാണിത്. അന്വേഷണം എങ്ങും എത്താതിരുന്നതിന്റെ കാരണം സി.പി.എമ്മിനും സി.പി.ഐക്കും സർക്കാറിനും ഇക്കാര്യത്തിലുള്ള താത്പര്യം കൊണ്ടാണ്.

ശതകോടികണക്കിന് രൂപയുടെ സംരക്ഷിത മരങ്ങളാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ തലത്തിലുള്ള ഇടപെടലിന്റെ ഭാഗമായി മുറിച്ചത്. കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സംസ്ഥാന സർക്കർ അന്വേഷണം നടത്താൻ തയ്യാറായത്. നിഗൂഢമായ പല സത്യങ്ങളും പുറത്തുവരാൻ കാരണക്കാരനായ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റുകയും എല്ലാ ഒത്താശയും ചെയ്തുകൊടുത്ത ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുകയും വഴി സർക്കാർ നിയമവാഴ്ചയെ പൂർണമായി അട്ടിമറിക്കുകയും കുറ്റവാളികളെ സഹായിക്കുകയുമാണ്.

മരം മുറിയുടെ പ്രതിഫലം ലഭിച്ചത് സി.പി.എം-സി.പി.ഐ നേതാക്കൾക്കും സർക്കാറിലെ ഉന്നതർക്കുമാണ്. കേസ് അന്വേഷണം അട്ടിമറിക്കുകയും കുറ്റക്കാർക്ക് പാരിതോഷികം നൽകുകയും ചെയ്യുന്ന സമീപനമാണുണ്ടായത്. അന്വേഷണം മുന്നോട്ട് പോകാതിരിക്കാൻ കാരണം രാഷ്ട്രീയ ഇടപെടലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് കാശുണ്ടാക്കാൻ വേണ്ടിയാണ് മരം മുറിച്ചുകൊണ്ടുപോയത്. കോടികളുടെ കൊള്ളയാണ് നടന്നത്. തെരഞ്ഞെടുപ്പിന് പണം ഉണ്ടാക്കാൻ സി.പി.എമ്മും സി.പി.ഐയും എടുത്ത തീരുമാനമാണ്. ഒരു പരിശോധനയും ഇല്ലാതെയാണ് മരങ്ങൾ കടത്തിയത്. ഒരു ഉദ്യോഗസ്ഥൻ ഇടപെട്ടത് കൊണ്ടാണ് കൊള്ള പൊതുസമൂഹം അറിഞ്ഞത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘം ഇപ്പോഴും ശക്തമായി പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, റവന്യു വകുപ്പ്, വനം വകുപ്പ് സി.പി.എമ്മും സി.പി.ഐയുമെല്ലാമാണ് സംഘത്തിലുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു.

കെ. റെയിലിന്റെ പേരിൽ സർക്കാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരം തുറന്ന് കാട്ടിയതാണ് കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ മുഖ്യമന്ത്രിയും സി.പി.എമ്മും മന്ത്രിമാരും തിരിയാൻ കാരണമെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ബി.ജെ.പി പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ വികാരം മനസിലാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കേന്ദ്ര പദ്ധതികൾ വരുന്നത് മുരളീധരന്റെ ഇടപെടൽ കൊണ്ടാണ്. അതിന്റെ ക്രഡിറ്റ് അടിച്ചുമാറ്റുന്നവരാണ് അദ്ദേഹത്തെ വിമർശിക്കുന്നത്. എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്ന കാലത്തേക്കാളും കേന്ദ്രപദ്ധതികൾ വന്നത് മുരളീധരൻ കേന്ദ്രമന്ത്രിയായപ്പോഴാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിസുരക്ഷാ സേന പരിശീലനം നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇടപടൽ ഞെട്ടിപ്പിക്കുന്നതാണ്. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തടിതപ്പാനാണ് സർക്കാരിന്റെ ശ്രമം. തീവ്രവാദ രാജ്യദ്രോഹ സംഘടനകളോട് ചേർന്ന് നിൽക്കുന്ന സമീപനമാണ് സർക്കാറിന്റേത്. ഇത് രാഷ്ട്രീയ തീരുമാനമാണെന്നും പരിശീലനം നൽകാൻ ഉത്തരവിട്ടത് ആരാണെന്ന് വ്യക്താക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranMuttil Tree Cutting
News Summary - k surendran against pinarayi vijayan
Next Story