‘ഇവനാരാണ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ? ചത്ത എസ്.എഫ്.ഐക്കെതിരെ ആര് ഗൂഢാലോചന നടത്താനാണ്’ -ആർഷോക്കെതിരെ കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: വ്യാജമാർക്ക് ലിസ്റ്റ് നൽകി കോളജിൽ പ്രവേശനം നേടിയ എസ്.എഫ്.ഐ നേതാവിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഒറിജിനലാണെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടി പി.എം. ആർഷോക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർട്ടിഫിക്കറ്റ് പരിശോധിക്കാൻ ഇവനാരാണെന്നും എന്താണർഹതയെന്നും സുരേന്ദ്രൻ ചോദിച്ചു.
‘തട്ടിപ്പ് കേസിലെ ആരോപണവിധേയനാണ് മറ്റൊരു എസ്എഫ്ഐ നേതാവിന്റെ തട്ടിപ്പ് അന്വേഷിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇതിന് മറുപടി പറയേണ്ടത്. തട്ടിപ്പുകാരുടെ പരാതിയിൽ കേസ് എടുക്കുന്ന പൊലീസ് ക്രമക്കേട് നടത്തുന്നവരെ സംരക്ഷിക്കുകയാണ്. മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് സർക്കാർ ചെയ്യുന്നത്. എസ്.എഫ്.ഐക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ചത്തുകിടക്കുന്ന എസ്.എഫ്.ഐക്കെതിരെ ആര് ഗൂഢാലോചന നടത്താനാണ്? ചത്ത കുട്ടിയുടെ ജാതകം ആരെങ്കിലും നോക്കുമോ?’ -തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ചോദിച്ചു.
സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്ന് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയെ സർവനാശത്തിലേക്കാണ് സി.പി.എമ്മും ഇടത് സർക്കാരും നയിക്കുന്നത്. കേരളത്തെ ലോകത്തിന് മുമ്പിൽ നാണംകെടുത്തുകയാണ് സംസ്ഥാന സർക്കാർ. വ്യാജരേഖ ചമച്ച് ജോലി നേടുന്ന കേസുകളും പരീക്ഷ എഴുതാതെ പാസാവുന്ന കേസുകളും കേരളത്തിലെ പല കോളേജുകളിലും നടക്കുന്നുണ്ട്. വ്യാജരേഖകൾ ഉണ്ടെങ്കിൽ ഏത് കോളേജിലും ഏത് കോഴ്സും പഠിക്കാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദഫലമായിട്ടാണ് സീറ്റ് കൊടുക്കുന്നതെന്ന് കോളജ് അധികൃതർ തന്നെ പറയുകയാണ്. പരാതി കൊടുത്ത ഒരു കേസിലും നടപടിയെടുക്കാൻ കോളജുകൾക്കും സർവകലാശാലകൾക്കും സാധിക്കുന്നില്ല. സിപിഎമ്മിന്റെ ഇടപെടലാണ് ഇതിന് കാരണം. ഉന്നതവിദ്യാഭ്യാസ മന്ത്രി തന്നെ ജോലി നേടിയത് മതിയായ രേഖയില്ലാതെയാണ്. അവരെ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല തകർക്കുകയാണ് സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ തന്നെ തട്ടിപ്പ് നടത്തി ജോലി നേടി. മുഖ്യമന്ത്രിയാണ് എല്ലാ തട്ടിപ്പുകൾക്കും നേതൃത്വം കൊടുക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നെന്ന് ഗവർണർ പറഞ്ഞപ്പോൾ അദ്ദേഹത്തെ വേട്ടായാടുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തത്. ഉന്നത വിദ്യാഭ്യാസ മേഖല തകർക്കുന്നവർക്കെതിരെ 27 ന് സെക്രട്ടറിയേറ്റിന് മുമ്പിൽ ബിജെപി പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി സമരം നടക്കും.
രാഷ്ട്രീയത്തിന് അതീതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകും. ഈ കാര്യത്തിൽ ലഭ്യമായ തെളിവുകളുമായി കേന്ദ്ര മാനവവിഭവ വകുപ്പിനെ സമീപിക്കും. നിയമവഴിയിലൂടെയും ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.