ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് കെ.സുരേന്ദ്രൻ
text_fieldsകോഴിക്കോട്: സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.
അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെ പോകുമെന്ന് അവർ തെളിയിച്ചിരിക്കുകയാണ്. കെ.ടി ജലീലിന് ബന്ധുനിയമനത്തിൽ മന്ത്രിസ്ഥാനം പോയത് ലോകായുക്ത ഇടപെടൽ മൂലമാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ വലിയ ചില അഴിമതികൾ ലോകായുക്തയുടെ പരിഗണനയിലുള്ളതാണ് തിരക്കിട്ട ഈ നിക്കത്തിന് കാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അനർഹർക്ക് നൽകിയെന്ന ആരോപണം ലോകായുക്ത ഗൗരവമായി പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രയെ രക്ഷിക്കാനാണ് തിരക്ക് പിടിച്ച് ഈ തീരുമാനം സർക്കാർ എടുത്തത്. ലോകായുക്തയെ നോക്കുകുത്തിയാക്കി അഴിമതി നടത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം കൈപിടിയിലൊതുക്കാനുള്ള ഇടതുസർക്കാരിന്‍റെ വ്യാമോഹത്തിന്‍റെ അവസാന ഉദ്ദാഹരണമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.