ഉള്ളിയേരി അടക്കമുള്ള പഞ്ചായത്തിൽ 120 കോടിയുടെ ജൽജീവൻ മിഷൻ അഴിമതി -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസർക്കാരിൻ്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിലാണ് 120 കോടിയുടെ അഴിമതി നടന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്. ജലവിഭവ മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസുമാണ് അഴിമതിയുടെ പിന്നിൽ. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടക്കുന്നതെന്നത് ഗൗരവതരമാണ്. ജൽജീവൻ മിഷന് വേണ്ടി കഴിഞ്ഞ വർഷം 9,00 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. എന്നാൽ സംസ്ഥാനം വിഹിതം അനുവദിച്ചില്ലെന്ന് മാത്രമല്ല അതിൽ നിന്നും അടിച്ചു മാറ്റുകയും ചെയ്യുകയാണ്.
മറ്റു സംസ്ഥാനങ്ങൾ ജൽജീവൻ മിഷൻ്റെ നേട്ടങ്ങൾ കൈവരിക്കുമ്പോൾ കേരളത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അഴിമതി നടത്തുകയാണ്. മലപ്പുറത്തുള്ള കരാറുകാരന് കരാർ ലഭിക്കാൻ വേണ്ടി മാനദണ്ഡങ്ങൾ മാറ്റുകയായിരുന്നു. മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയർ നൽകിയ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ കരാർ പിടിച്ചത്. ഫ്ലാറ്റ് ബോട്ടം അപ് വേഡ് ഫ്ലോ സ്ലഡ്ജ് ബ്ലാങ്കൻറ് ടെക്നോളജി ഉപയോഗിച്ച് പൊന്നാനിയിൽ പ്ലാൻറ് ചെയ്തുവെന്നാണ് ഇയാൾ സർട്ടിഫിക്കറ്റിൽ പറയുന്നതെങ്കിലും അങ്ങനൊരു ടെക്നോളജിയിൽ വർക്ക് നടന്നിട്ടില്ലെന്ന് കോഴിക്കോട് ചീഫ് എഞ്ചിനീയർ കണ്ടെത്തി. എന്നാൽ അവരെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും മലപ്പുറം സൂപ്രണ്ടിനെ കോഴിക്കോട്ടെത്തിക്കുകയും ചെയ്യുകയാണ് സർക്കാർ ചെയ്തത്.
ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 559 കോടിയുടെ പദ്ധതിക്ക് 10% തുക ഉയർത്തി 614 കോടിയ്ക്ക് ക്വോട്ട് ചെയ്യിപ്പിച്ചു. ഇതിൽ കോടികളുടെ ഇടപാടാണ് നടന്നത്. ഇപ്പോൾ കരാറു കിട്ടിയിട്ടുള്ള മിഡ്ലാൻഡ് കമ്പനിയെ നേരത്തെ കിഫ്ബി പദ്ധതിയിൽ തിരിമറി നടത്തിയതിന് പിടികൂടിയിരുന്നു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും കേന്ദ്രമന്ത്രിയുടേയും ശ്രദ്ധയിൽ ഈ കാര്യങ്ങൾ കൊണ്ടുവരുകയും നിയമനടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ എത്ര തുക നൽകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണം. കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന റോഡിൻറെ പടം ഫ്ലക്സടിച്ച് സ്വന്തം പടം വെക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് 25 ശതമാനം വഹിക്കാമെന്ന് ആദ്യം പറഞ്ഞിരുന്ന സംസ്ഥാനം പിന്നീട് അതിൽ നിന്നും പിൻമാറുകയായിരുന്നു. ഒരു വാക്ക് പറഞ്ഞിട്ട് അതിൽ നിന്നും പിൻമാറുന്നത് മാന്യതയല്ല. ഈ കാര്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പാർലമെൻറിൽ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയോ റിയാസോ പ്രതികരിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ്, ജില്ലാ അധ്യക്ഷൻ വികെ സജീവൻ, ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.