ഇ. ശ്രീധരനെ തള്ളി കെ. സുരേന്ദ്രൻ; 'ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരിക്കും'
text_fieldsആലപ്പുഴ: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ അഭിനന്ദിച്ച ബി.ജെ.പി നേതാവ് ഇ. ശ്രീധരനെ തള്ളി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച് ഇ. ശ്രീധരന് അറിയില്ലായിരിക്കുമെന്നും കെ. സുരേന്ദ്രൻ പ്രതികരിച്ചു.
പാലാരിവട്ടം പാലം പുനർ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയതിനാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിയെ മെട്രോമാൻ ഇ. ശ്രീധരൻ അഭിനന്ദിച്ചത്. ഇ. ശ്രീധരന്‍റെ മേൽനോട്ടത്തിലാണ് പുനർനിർമാണം പൂർത്തിയാക്കിയത്.
'ഊരാളുങ്കലിന് സാങ്കേതിക വിദ്യ ഇല്ലെന്ന് ഞാൻ പറയുന്നില്ല. അതിന്‍റെ അഴിമതിയെ കുറിച്ചാണ് ഞാൻ പറയുന്നത്. അതിനെ കുറിച്ച് ഇ. ശ്രീധരന് അറിയില്ലായിരിക്കും' -സുരേന്ദ്രൻ പറഞ്ഞു.
വിദേശവായ്പാ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് കിഫ്ബിക്കായി വായ്പയെടുത്തിരിക്കുകയാണ് തോമസ് ഐസക്കെന്ന് സുരേന്ദ്രൻ പറഞ്ഞു. കുറഞ്ഞ പലിശക്ക് രാജ്യത്ത് വായ്പ ലഭിക്കുമ്പോൾ എന്തിനാണ് ഐസക് വിദേശത്ത് നിന്ന് വായ്പയെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ജനങ്ങൾക്ക് മേലുള്ളത്.
കേന്ദ്ര സർക്കാറിനെ തെരുവിൽ നേരിടുമെന്നാണ് തോമസ് ഐസക് പറയുന്നത്. അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ജനങ്ങളെ കബളിക്കുന്ന ഈ പ്രചാരവേല അവസാനിപ്പിക്കണം.
വെല്ലുവിളികളും ഭീഷണികളും ബംഗാളിൽ നടത്തിയിട്ട് പോലും വിജയിച്ചിട്ടില്ല. വികസനത്തിന്‍റെ കാര്യത്തിൽ തോമസ് ഐസക് പറയുന്നതൊക്കെയും പാഴ്വാക്കുകളാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.