മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെ; മന്ത്രിസഭ പുനസംഘടനയെ പരിഹസിച്ച് കെ. സുരേന്ദ്രൻ
text_fieldsതൃശ്ശൂർ: മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ മന്ത്രിസഭയെന്നൊന്നില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകൻ മന്ത്രിയുമാണ്. മറ്റ് മന്ത്രിമാർക്ക് ഒരു റോളുമില്ല. ഈ മന്ത്രിസഭ പുനഃസംഘടന കൊണ്ട് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തൃശ്ശൂരിൽ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഥനില്ലാ കളരിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറി. പിഞ്ച് കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുകയാണ്. മാരക രോഗങ്ങൾ തിരിച്ച് വരുന്നത് ആരോഗ്യ വകുപ്പിന്‍റെ പിടിപ്പുകേടാണ്. ആരോഗ്യ വകുപ്പ് വേണ്ടത്ര മുൻകരുതലുകൾ എടുക്കാത്തതാണ് നിപ വീണ്ടും പടർന്ന് പിടിക്കാൻ കാരണം. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകിക്കാടിന്‍റെ ചുറ്റുമുള്ള പേരാമ്പ്രയിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പനിയുള്ളവരുടെ സാംപിളുകൾ പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടില്ല.
സമ്പൂർണമായ ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. പിണറായിയുടെ ഭരണത്തിൽ ജനം കഷ്ടപ്പെടുകയാണ്. സി.എ.ജി റിപ്പോർട്ട് സർക്കാറിന്‍റെ മുഖംമൂടി വലിച്ചുകീറി. 22,000 കോടി രൂപ വൻകിടക്കാരിൽ നിന്നും സർക്കാരിന് പിരിച്ചെടുക്കാനുണ്ട്. വൻകിട കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സർക്കാരിനുള്ളത്. ഒരു ഭാഗത്ത് ജനങ്ങളെ കൊള്ളയടിക്കുമ്പോൾ മറുഭാഗത്ത് വൻകിടക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. നരേന്ദ്ര മോദി സർക്കാറിന്‍റെ സഹായമില്ലെങ്കിൽ സംസ്ഥാനത്ത് ദൈനംദിന ചെലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാതെ സോളാറിന്‍റെ പിന്നാലെ പോവുകയാണ് ഭരണ-പ്രതിപക്ഷങ്ങൾ. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ് സോളാർ കേസ്. മാസപ്പടി വിവാദത്തിലും ഇവർ ഒരേ പക്ഷത്താണ്. ഭരണപക്ഷത്തിന്‍റെ അഴിമതിയെ പിന്തുണക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. വരും ദിവസങ്ങളിൽ സർക്കാറിന്‍റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആന്‍റണി, മുൻ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.