'കെ. സുരേന്ദ്രൻ നേരിട്ടെത്തണം, ഇത് അനുവദിക്കില്ല'; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോടതി
text_fieldsകാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കാസർകോട് ജില്ല സെഷൻസ് കോടതി. ഈ മാസം 21ന് കോടതിയിൽ ഹാജരാകണ കർശനനിര്‍ദേശമാണുള്ളത്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി.ജെ.പി മുൻ ജില്ല അധ്യക്ഷൻ കെ.കെ. ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ തട്ടിക്കൊണ്ട് പോകൽ ആരോപണവുമായി കുടുംബവും ബി.എസ്.പിയും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി കെ.സുന്ദര രംഗത്തെത്തിയത്. നാമനിർദേശ പത്രിക പിന്‍വലിക്കാനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദര പറഞ്ഞത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. 467 വോട്ടാണ് അന്ന് സുന്ദര പിടിച്ചത്. ഇതോടെ, സുരേന്ദ്രന്റെ വിജയം ഇല്ലാതാക്കിയതിൽ സുന്ദരയുടെ സാന്നിധ്യം ചർച്ചയായി.2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും സുന്ദര പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെ സുന്ദര പത്രിക പിൻവലിച്ചതായും ബി.ജെ.പിയിൽ ചേർന്നതായുള്ള വാർത്തകൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ ഇത് സുന്ദര തന്നെ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.