സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവിയിൽ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന വാർത്ത തള്ളി കെ. സുരേന്ദ്രൻ; മാധ്യമങ്ങൾ നടപ്പാക്കുന്നത് കോൺഗ്രസ് അജണ്ടയെന്ന്
text_fieldsതിരുവനന്തപുരം: സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വാർത്തകൾ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വാർത്ത നൽകിയ മാധ്യമങ്ങൾക്ക് വസ്തുതയെന്തെന്ന് പരിശോധിക്കാനുള്ള ബാധ്യതയുണ്ടെന്നും വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ച മാധ്യമം നടപ്പിലാക്കിയത് കോൺഗ്രസിന്‍റെ അജണ്ടയാണെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സുരേഷ് ഗോപിയുടെ പേരിൽ പതിവു പോലെ "അതേ" മാധ്യമം തന്നെയാണ് വാർത്ത പ്രചരിപ്പിച്ചത് പിന്നാലെ കാക്കക്കൂട്ടം പോലെ മറ്റുള്ളവരും വാർത്ത നൽകി. തൃശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഏതറ്റംവരെയും ഈ സംഘം പോകുമെന്ന് അറിയാത്തവരല്ല തങ്ങളെന്നും സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞെന്നും ആർക്കും അത് തടയാനാകില്ലെന്നും അദ്ദേഹം കുറിച്ചു.
"ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനുമുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്. ഇത് കോൺഗ്രസ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോൺഗ്രസുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിടുന്നത്. 'അതേ'ചാനലിലെ കോൺഗ്രസ് ഏജന്റായ റിപ്പോർട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും . അരദിവസത്തെ ആയുസുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തു കഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല" - സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ അധ്യക്ഷ പദവിയിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തന്നോട് ആലോചിക്കാതെയാണ് അധ്യക്ഷ പദവിയെ കുറിച്ചുള്ള തീരുമാനമെടുത്തതെന്നും മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം വിവരം അറിഞ്ഞതെന്നും സുരേഷ് ഗോപിയുടെ അടുപ്പക്കാർ പറഞ്ഞതായാണ് റിപ്പോർട്ട്. തൃശൂരിൽ തന്നെ മത്സരിക്കാൻ കേന്ദ്ര നേതൃത്വം തന്നെ ചുമതലപ്പെടുത്തമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എന്നാൽ അധ്യക്ഷ പദവി സുരേഷ് ഗോപി അറിഞ്ഞിരുന്നില്ലെന്നുമാണ് അടുപ്പക്കാർ അറിയിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.