പാണക്കാട് തങ്ങൾക്കെതിരായ പരാമർശം: മുഖ്യമന്ത്രിയെ പിന്തുണച്ച് കെ. സുരേന്ദ്രൻ: ‘ഇവിടെ ഗാന്ധിയെയും യേശുവിനെയും ശ്രീരാമനെയും മോദിയെയും വിമർശിക്കുന്നില്ലേ?’
text_fieldsപാലക്കാട്: സാദിഖലി തങ്ങൾക്ക് എതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ‘പാണക്കാട് തങ്ങൾ വിമർശനാതീതനാണോ? ഇവിടെ ഗാന്ധിയെയും യേശുവിനെയും ശ്രീരാമ ചന്ദ്രനെയും വിമർശിക്കുന്നില്ലേ? പിന്നെ എന്തുകൊണ്ട് ഒരു പാണക്കാട് തങ്ങളെ മാത്രം വിമർശിക്കരുതെന്ന് പറയുന്നു?’ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടയിലായിരുന്നു പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പരാമർശം. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ ഒരു അനുയായിയുടെ മട്ടിൽ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സന്ദീപ് വാര്യര്‍ സാദിഖലി തങ്ങളെ കാണാന്‍ പോയ വാര്‍ത്ത വായിച്ചപ്പോള്‍ പണ്ട് ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വന്ന അനുഭവമാണ് ഓര്‍ത്തുപോയത്. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസിന്‍റെ നേതൃത്വത്തിലുള്ള സംഘപരിവാറായിരുന്നു. പക്ഷേ, അവര്‍ക്ക് ആവശ്യമായ എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറുമാണ്. ആഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം മുസ്‍ലിം ലീഗ് മന്ത്രിസഭയിലുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ നിലപാടുകളോട് പ്രതിഷേധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു. പക്ഷേ മന്ത്രിസ്ഥാനം വിട്ടുകൊടുത്തുള്ള നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യൻമാരെ നവാഗതർ കാണാത്തതെന്നും അദ്ദേഹം ചോദിച്ചു.
എന്തുകൊണ്ടാണ് തട്ടിൽ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരൻ നായരെയോ പുന്നലയേയും കാണാത്തത്? എന്തുകൊണ്ടാണ് ഓർത്തഡോക്സ്, യാക്കോബായ, ലത്തീൻ വിഭാഗങ്ങളെ കാണാത്തത്? എന്തുകൊണ്ടാണ് വിശ്വകർമ്മ നേതാക്കളെയോ മൂത്താൻ സമുദായ നേതാക്കളെയോ കാണാത്തത്? ചെട്ടി സമുദായത്തെയോ തേവർ സമുദായത്തെയോ കാണാൻ ആരും എന്താണ് പോവാത്തത്? കത്തോലിക്കാ സഭയുമായി നല്ല ബന്ധമുള്ള ഘടകക്ഷി നേതാവ് പി.ജെ. ജോസഫിനെ പോലും കാണാൻ പോവാത്തത് എന്താണ്? ഇവരെയൊന്നും പരിഗണിക്കണ്ടെന്നാണോ കോൺഗ്രസിൻറെ നിലപാടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
വി.ഡി. സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്? പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതി തിരഞ്ഞെടുപ്പ് ജയിക്കാൻ എന്നാണ് വി.ഡി. സതീശൻ വിചാരിക്കുന്നത്. ലജ്ജാകരമായ സ്ഥിതിയിലേക്ക് കോൺഗ്രസ് എത്തി. പാലക്കാട് നടക്കുന്ന കാര്യങ്ങൾ മുരളീധരനും തങ്കപ്പനും ഒന്നും അറിയില്ലെന്നാണ് പറയുന്നത്. കോൺഗ്രസ് ഒരു വിഭാഗത്തിന്റെ മാത്രമായി മാറിക്കഴിഞ്ഞു.
വി.ഡി. സതീശനും ഷാഫി പറമ്പിലും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയിൽ കൊണ്ട് കെട്ടിയിരിക്കുകയാണ്. എസ്.ഡി.പി.ഐയുടെ നോട്ടീസും കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ സതീശന് നാണമില്ലേ? പി.ഡി.പിയുമായി ചേർന്ന് പ്രചരണം നടത്തുകയാണ് എൽ.ഡി.എഫ് ചെയ്യുന്നത്. ഒരു വിഭാഗത്തിൻറെ വോട്ട് കിട്ടാൻ വർഗീയത പ്രചരിപ്പിക്കുമ്പോൾ ബാക്കിയുള്ള 77 ശതമാനം ജനങ്ങൾക്ക് ഒരു വിലയുമില്ലേ?
മുനമ്പം വഖഫ് ഭൂമിയായി പ്രഖ്യാപിക്കണമെന്നാണ് മുസ് ലീം സംഘടനകൾ പറയുന്നത്. ഇതിനെ കുറിച്ച് എന്താണ് കോൺഗ്രസും ഇടതുപക്ഷവും നിലപാട് വ്യക്തമാക്കാത്തത്? പാലക്കാട് ഒരു ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് കോൺഗ്രസ്. ഇതിനെതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണയുണ്ടാകുകയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.