പണ വിവാദം; കെ. സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത്
text_fieldsകോഴിക്കോട്: സി.കെ. ജാനുവിനെ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ പണം നൽകിയെന്ന ആരോപണം ഉന്നയിച്ച ജെ.ആർ.പി ട്രഷറർ പ്രസീതയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് പുറത്ത്. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. എന്നാൽ സുരേന്ദ്രന്‍റെ വാദത്തെ പൊളിക്കുന്നതാണ് വാട്സ്ആപ് സന്ദേശങ്ങൾ.
ഇതോടെ സി.കെ. ജാനുവിന് പണം കൈമാറുന്നതിന് ഇടനിലക്കാരിയായി സുരേന്ദ്രനുമായി സംസാരിച്ചത് പ്രസീതയാണെന്ന് തെളിക്കുന്നതാണ് ചാറ്റുകൾ. ഫെബ്രുവരി 24, 26 എന്നീ ദിവസങ്ങളിൽ നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടാണ് പുറത്തുവന്നത്.
എൻ.ഡി.എയിൽ ചേരാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ പത്തുലക്ഷം നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. സുരേന്ദ്രന്‍റെ കൈയിൽനിന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ച് ജാനു പണം വാങ്ങിയെന്നും കൂടാതെ തെരഞ്ഞെടുപ്പ് ചെലവിന് ലഭിച്ച തുകയും വ്യക്തിഗത ആവശ്യത്തിനായി വകമാറ്റിയെന്നും പ്രസീത ആരോപിക്കുകയായിരുന്നു. എന്നാൽ പ്രസീതയെ തള്ളി സി.കെ. ജാനു രംഗത്തെത്തിയിരുന്നു. പ്രസീതക്കെതിരെ മാനനഷ്ടകേസ് നൽകുമെന്നും പണം വാങ്ങിയതിന്‍റെ തെളിവുകൾ പുറത്തുവിടണമെന്നും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കാൻ തയാറാണെന്നുമായിരുന്നു ജാനുവിന്‍റെ വെല്ലുവിളി.
ആരോപണങ്ങൾക്കെതിരെ കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ജാനുവിന് സ്വന്തം ആവശ്യത്തിനായി പണം നൽകിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. കൂടാതെ ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ബി.ജെ.പിക്കെതിരെയും സി.കെ. ജാനുവിനെതിരെയും അസത്യപ്രചാരണങ്ങളുമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.