സിനിമയിലെ മട്ടാഞ്ചേരി മാഫിയയെയും നിയന്ത്രിക്കണം -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ലൈംഗിക അരാജകത്വത്തെ പോലെ ഗുരുതരമായ ലഹരി വിപണനവും ഉപയോഗവും സിനിമാ മേഖലയിൽ നടക്കുന്നുണ്ടെന്നും മട്ടാഞ്ചേരി മാഫിയയെ നിയന്ത്രിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ചലച്ചിത്രരംഗത്ത് പിടിമുറുക്കിയ മട്ടാഞ്ചേരി ലഹരി മാഫിയയെ സർക്കാർ സംരക്ഷിക്കുകയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
‘ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് മുകേഷ്’
ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് കൊല്ലം എം.എൽ.എ മുകേഷ് എന്നതാണ് ആരോപണമെന്നും അദ്ദേഹം രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ മുകേഷിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തുവന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് ഗോപിയുടേത് നടനെന്ന നിലയിൽ വ്യക്തിപരമായ അഭിപ്രായമാണ് എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണം. ആരോപണമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽസെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാൾ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ല. സി.പി.എമ്മും സർക്കാരും മുകേഷിനെ പിന്തുണയ്ക്കുകയാണ്. രഞ്ജിത്തിനും സിദ്ധിഖിനുമില്ലാത്തെ എന്ത് മേന്മമയാണ് സർക്കാർ മുകേഷിൽ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മറ്റുള്ളവരെ പോലെയല്ല ഭരണഘടന തൊട്ട് സത്യം ചെയ്തയാളാണ് മുകേഷ്. സർക്കാരിന്റെ ആത്മാർത്ഥയില്ലായ്മയാണ് മുകേഷിന്റെ കാര്യത്തിൽ കാണുന്നത്. സ്വന്തക്കാരെ സർക്കാർ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് മുകേഷിനുള്ളത്. മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. മുകേഷിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കോൺക്ലേവും കേരളത്തിൽ നടക്കില്ല. പിണറായി സർക്കാർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിന് ശേഷം ‘സംഘർഷം ഉണ്ടായില്ലെങ്കിൽ പാർട്ടിക്ക് പിടിച്ചു നിൽക്കാനാവില്ല’ എന്ന റിപ്പോർട്ട് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചു. അതിന് അനുസരിച്ച് രാഷ്ട്രീയ സംഘർഷമുണ്ടാക്കുന്ന നിലപാട് സി.പി.എം സ്വീകരിച്ചിരിക്കുകയാണ്. കണ്ണൂരിൽ ശ്രീകൃഷ്ണ ജയന്തിക്കെതിരെ നടന്ന ആക്രമണങ്ങൾ ഇതിന് ഉദാഹരണമാണ്. കൊച്ചുകുട്ടികളുടെ പരിപാടിക്ക് പോലും അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.