'സതീശന്റെ തലക്ക് ഓളം'; 2023ൽ നടത്തിയ കൂടിക്കാഴ്ചയിൽ 2024ലെ പൂരം കലക്കൽ എങ്ങനെ ചർച്ചയാകും -കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് നേതാവും എം.ആർ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വി.ഡി സതീശന്റെ ആരോപണങ്ങളെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സതീശന്റെ തലക്ക് ഓളമാണ്. എന്ത് മണ്ടത്തരമാണ് സതീശൻ പറയുന്നത്. സതീശൻ ആളുകളെ വിഢ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരൻ മൂന്നാം സ്ഥാനത്ത് ആയിപ്പോയി എന്ന് സതീശൻ ഓർക്കണം. 2023 മെയ് മാസത്തിലാണ് എ.ഡി.ജി.പിയും ആർ.എസ്.എസ് നേതാവും തമ്മിൽ കൂടിക്കാഴ്ച നടത്തതിയത്. ഇതിന് 2024ലെ പൂരവുമായി ബന്ധമില്ല.
ബിജെപി പ്രവർത്തിക്കുന്നത് പിണറായി വിജയനെ തോൽപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ്. സിപിഎമ്മിനെ പരാജയപ്പെടുത്തി കേരളം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. മെമ്പർഷിപ്പ് കാമ്പയിൻ നടന്നുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിൽ നിന്ന് കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരുമെന്നും കെ.സുരേന്ദ്രൻ അവകാശപ്പെട്ടു.
2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.
ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം. ദത്താത്രേയ ഹൊസബലെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എഡിജിപി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.