ബി.ജെ.പി കുഴൽപണക്കേസ്: ധർമരാജൻ ആദ്യം വിളിച്ചവരിൽ കെ. സുരേന്ദ്രനും
text_fieldsതൃശൂർ: കൊടകര കുഴൽപണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് നിർണായക രേഖകൾ ലഭിച്ചതിനെ തുടർന്ന്. ഹാജരാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞത് ഇതിനെക്കുറിച്ച് സൂചന ലഭിച്ച സാഹചര്യത്തിലാണെന്നാണറിയുന്നത്.
പണം കടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ കോഴിക്കോട് സ്വദേശി ധർമരാജെൻറ മൊബൈൽ ഫോൺ രേഖകളുടെ പരിശോധനയിലാണ് കെ. സുരേന്ദ്രനുമായുള്ള സംസാരവിവരവും ലഭിച്ചത്. കവർച്ചക്കുശേഷം ധർമരാജൻ വിളിച്ചവരുടെ ആദ്യ പട്ടികയിൽതന്നെ കെ. സുരേന്ദ്രെൻറ പേര് കണ്ടെത്തി. സുരേന്ദ്രെൻറ മകനിലേക്കുള്ള 24 സെക്കൻഡ് ദൈർഘ്യമുള്ള കോൾ വിവരം നേരത്തേ പുറത്തുവന്നിരുന്നു.
ബി.ജെ.പി ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്ത നൽകിയ മൊഴിയിൽ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന പ്രസിഡൻറിനാണ് അറിയുകയെന്ന് പറഞ്ഞിരുന്നു. തുടർന്ന് കൂടുതൽ രേഖകൾ പരിശോധിച്ചതോടെയാണ് അന്വേഷണസംഘം നിർണായക ഘട്ടത്തിലേക്ക് കടന്നത്. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് സംസ്ഥാന പ്രസിഡൻറും സംഘടന സെക്രട്ടറിയും ചേർന്നാണ്. ഇതിൽ സംഘടന സെക്രട്ടറി എം. ഗണേശനെയും മേഖല സെക്രട്ടറി ജി. കാശിനാഥനെയും ചോദ്യം ചെയ്തിരുന്നു.
സുരേന്ദ്രെൻറ സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളിൽനിന്ന് ധർമരാജനെയും തിരിച്ചും നിരവധി തവണ വിളിച്ചതായി മനസ്സിലാക്കിയിട്ടുണ്ട്.സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരമാണ് ബി.ജെ.പി തൃശൂർ ജില്ല നേതാക്കൾ പണവുമായെത്തിയ സംഘത്തിന് തൃശൂരിലെ ലോഡ്ജിൽ താമസ സൗകര്യം ഒരുക്കിയത്.
ഇക്കാര്യം തൃശൂർ ജില്ല ഓഫിസ് സെക്രട്ടറി തിരൂർ സതീശനും മൊഴി നൽകിയിട്ടുണ്ട്.മതിയായ രേഖകളും നോട്ടീസുമില്ലാതെ ചോദ്യം ചെയ്യലിന് വിളിച്ചാൽ ഹാജരാവേണ്ടതില്ലെന്നാണ് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്. ഇത് മുൻകൂട്ടി കണ്ടാണ് സുരേന്ദ്രെൻറ കോഴിക്കോടുള്ള വീട്ടിൽ അന്വേഷണസംഘം നേരിട്ടെത്തി നോട്ടീസ് നൽകിയത്.
അതേസമയം, ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി സുരേന്ദ്രൻ കൂടിയാലോചന നടത്തി. അന്വേഷണസംഘവും ഏറെ കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. സുപ്രധാന തെളിവുകൾ നൽകാൻ കഴിയുന്ന വ്യക്തിയാണ് സഹകരിക്കാതിരിക്കുന്നതെങ്കിൽ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് അധികാരമുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശവും ലഭിച്ചിട്ടുണ്ട്.
പൊലീസ് പറഞ്ഞ ദിവസംതന്നെ ഹാജരാകണമെന്ന് നിയമമില്ല –സുരേന്ദ്രൻ
കോഴിക്കോട്: സ്വർണ കള്ളക്കടത്ത് സി.പി.എം നേതാക്കളിലെത്തുന്നതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കൊടകര കേസിൽ തനിക്ക് പൊലീസ് നോട്ടീസയച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. സാക്ഷിമൊഴിക്കുള്ള നോട്ടീസാണ് കിട്ടിയത്. പറഞ്ഞ ദിവസം തന്നെ പൊലീസ് മുമ്പാകെ ഹാജരാവണമെന്ന് നിയമമൊന്നുമില്ല. ചൊവ്വാഴ്ച താൻ അധ്യക്ഷത വഹിക്കേണ്ട പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗമുണ്ട്. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. ഇതിനേക്കാളും വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയിൽ പോയിട്ടില്ല. നിയമപരമായി തുടർ നടപടികൾ ആലോചിക്കും. കിറ്റക്സ് ഗ്രൂപ് 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽനിന്ന് പിന്മാറാൻ കാരണമായതിനെപ്പറ്റി മുഖ്യമന്ത്രി നിലപാടറിയിക്കണം. സർക്കാറിെൻറ രാഷ്ട്രീയ പ്രതികാരം കാരണമാണ് ഇത്തരമൊരവസ്ഥ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.