ലൈഫ് മിഷൻ അഴിമതി: സർക്കാരിന്‍റെ പങ്ക് വ്യക്തമെന്ന് ബി.ജെ.പി
text_fieldsതൃശൂർ: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ വിജിലൻസ് പ്രതിയാക്കിയതോടെ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയിലെ സർക്കാറിന്‍റെ പങ്ക് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ലൈഫ് മിഷൻ ക്രമക്കേട് പുറത്തുവന്നപ്പോൾ യു.എ.ഇ കോൺസുലേറ്റും കരാറുകാരും തമ്മിലുള്ള ഇടപാടാണെന്നും സർക്കാറിന് ഒരു പങ്കുമില്ലെന്നുമാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. ഇടതുമുന്നണി നേതാക്കൾ ഇത് തന്നെ ആവർത്തിക്കുകയും ഹൈകോടതിയിൽ ഈ വാദം ഉയർത്തുകയും ചെയ്തു. എന്നാൽ വിജിലൻസ് ശിവശങ്കരനെ പ്രതി ചേർത്തതോടെ സർക്കാറിന്‍റെ വാദം പൊളിഞ്ഞെന്ന് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിജിലൻസ് അന്വേഷണത്തിലും അഴിമതി നടന്നെന്ന് തെളിയുകയും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരിക്കുകയുമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയുടെ വിജിലൻസ് കേസെടുത്തിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം തടഞ്ഞത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഈ കാര്യം തുറന്ന് സമ്മതിക്കണം.
അഴിമതിയുടെ പങ്ക് പറ്റിയതു കൊണ്ടാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത്. സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകൾ ഏറ്റെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ലൈഫ് മിഷന് വന്ന പണം വിദേശത്ത് നിന്നായതു കൊണ്ടാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്.
വിദേശത്ത് നിന്നും എത്ര പണം വന്നെന്ന് സർക്കാരിന് തന്നെ ധാരണയില്ല. ആ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയിട്ടുണ്ട് എന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു കഴിഞ്ഞു. അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയിട്ടും സി.ബി.ഐ വേണ്ടെന്ന് പറയാൻ എന്ത് ധാർമ്മികതയാണ് പിണറായി വിജയനുള്ളതെന്ന് സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിൽ സർക്കാർ അഴിമതി നടത്താൻ കേട്ടുകേൾവിയില്ലാത്ത തരത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണ്. കുപ്രസിദ്ധമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്ന് പരീക്ഷണങ്ങൾക്ക് മനുഷ്യനെ ഉപയോഗിക്കുകയാണെന്നും സാംസ്ക്കാരിക നായകരും ഇടത് ബുദ്ധിജീവികളും മൗനത്തിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.