കൈവെട്ടിയ കേസ്: ഹൈകോടതി വിധി തീവ്രവാദികളെ സംരക്ഷിച്ചവർക്കേറ്റ പ്രഹരമെന്ന് കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: പ്രഫ. ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും കോടതി ശിക്ഷ വിധിച്ചത് തീവ്രവാദികളെ സംരക്ഷിച്ചവർക്കേറ്റ പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അന്ന് ഭരണമുന്നണിയും പ്രതിപക്ഷവും ജോസഫ് മാഷെ തീവ്രവാദികൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു.
തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചുവെന്നും കോടതി പറഞ്ഞത് ബി.ജെ.പിയുടെ വാദങ്ങൾ ശരിവെക്കുന്നതാണ്. കേരളത്തിൽ നടന്ന ആദ്യത്തെ താലിബാൻ ശൈലിയിലുള്ള ആക്രമണമായിരുന്നു ജോസഫ് മാഷിന് നേരെ നടന്നത്.
എൻ.ഐ.എ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് പ്രതികൾക്ക് ശിക്ഷ കിട്ടിയത്. സംസ്ഥാന പൊലീസ് ഇവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നടത്തിയ അപക്വമായ പരാമർശമാണ് പോപ്പുലർ ഫ്രണ്ടുകാർക്ക് ഈ ഭീകരവാദ പ്രവർത്തനം നടത്താൻ കരുത്തുപകർന്നത്.
ബേബി ഇനിയെങ്കിലും അന്ന് എടുത്ത സമീപനത്തിൽ മാപ്പ് പറയണം. പൊലീസ് ക്രൂരമായാണ് ജോസഫ് മാഷോടും കുടുംബത്തോടും പെരുമാറിയത്. കേരളത്തിൽ തീവ്രവാദ പ്രവർത്തനം ഇപ്പോഴും ശക്തമായി തുടരുന്നത് ഭരണ-പ്രതിപക്ഷങ്ങളുടെ മൗനാനുവാദത്തോടെ ആണെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.