സി.പി.എം ഓഫിസ് ആക്രമണം; ഒടുവിൽ പൊലീസിന് 'തത്വമസി' എന്ന് എഴുതേണ്ടി വരുമെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന ആരോപണം തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മിനെതിരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മന:പൂർവം കുഴപ്പമുണ്ടാക്കുകയാണ്. ഓഫിസ് ആക്രമിച്ചത് സി.പി.എം പ്രവർത്തകർ തന്നെയാണെന്നാണ് തങ്ങൾക്ക് ലഭിച്ച പ്രാഥമിക വിവരമെന്നും സുരേന്ദ്രൻ പറഞ്ഞു.
എ.കെ.ജി സെന്‍റർ ആക്രമണത്തെ പോലെ തന്നെയാണ് ജില്ല കമ്മിറ്റി ഓഫിസ് ആക്രമണത്തെയും കാണുന്നത്. സി.പി.എം തന്നെ ആസൂത്രണം ചെയ്ത അക്രമങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. സർവകലാശാല ബില്ലിലും മറ്റ് ജനവിരുദ്ധമായ ബില്ലുകളിലുമെല്ലാം ജനങ്ങൾക്കിടയിൽ ശക്തമായ അമർഷം നേരിടുന്ന സി.പി.എം, ഈ സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് ആർ.എസ്.എസ്-സി.പി.എം ഏറ്റുമുട്ടൽ എന്ന നിലയിലേക്ക് കൊണ്ടുവരുന്നത്.
എ.കെ.ജി സെന്‍റർ ആക്രമിച്ചതും നീ തന്നെ, ഷിബു സ്വാമിയുടെ വീട് കത്തിച്ചതും നീ തന്നെ, ഇപ്പോൾ ജില്ല കമ്മിറ്റി ഓഫിസ് കത്തിച്ചതും നീ തന്നെ. അന്വേഷിക്കാൻ പോയാൽ അവസാനം പൊലീസിന് 'തത്ത്വമസി' എന്ന് എഴുതേണ്ടിവരും -കെ. സുരേന്ദ്രൻ പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന് നേരെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അക്രമികൾ ഓഫിസിന് നേരെ കല്ലെറിഞ്ഞ ശേഷം അതിവേഗത്തില്‍ ബൈക്ക് ഓടിച്ച് പോവുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് എന്നാണ് സി.പി.എം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.