‘‘ചെന്നിത്തലയോ മുല്ലപ്പള്ളിയോ വിമർശിക്കട്ടെ; അല്ലാത്തവരെ ആര് കേൾക്കാൻ’’
text_fieldsകൊച്ചി: തനിക്കെതിരെ വിമർശനമുയർത്തിയ കോൺഗ്രസ് യുവനേതാക്കളെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയട്ടെ അപ്പോൾ കേൾക്കാം. കോൺഗ്രസ് യുവനേതാക്കളുടെ ട്രോളുകളൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ കഴിഞ്ഞ ദിവസത്തെ സുരേന്ദ്രന്‍റെ പ്രസ്താവനയെ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ മറുപടി.
താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനോ മറുപടി പറയുകയാണെങ്കിൽ കേൾക്കാം. അല്ലാത്തവരെ ആര് കേൾക്കാനാണ് - കെ. സുരേന്ദ്രൻ ചോദിച്ചു.
കോവിഡിനെ പ്രതിരോധിക്കാൻ കേരള സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം വിമർശിക്കാനായി മാത്രം വാതുറക്കുകയാണെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെയാണ് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, ജ്യോതികുമാർ ചാമക്കാല എന്നിവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ കളിയാക്കിയത്.
സർക്കാരിനെ ചെറുതായി ഒന്ന് വിമർശിക്കേണ്ടി വന്നിട്ടുണ്ട്. സുരേന്ദ്രൻ ക്ഷമിക്കണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്നു പറയുന്ന സുരേന്ദ്രൻ എപ്പോഴാണ് ഭരണപക്ഷമായതെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.സി വിഷ്ണുനാഥ് ചോദിച്ചു.
സുരേന്ദ്രെൻറ സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്നും പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിനാണെന്നുമായിരുന്നു ജ്യോതികുമാർ ചാമക്കാല ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.