ശബരിമലയിൽ പരിചയസമ്പന്നരായ പൊലീസുകാരെ നിയമിക്കണമെന്ന് കെ. സുരേന്ദ്രൻ; ‘കഴിഞ്ഞ വർഷം പ്രതിസന്ധി സൃഷ്ടിച്ചത് പൊലീസ് പിഴവ്’
text_fieldsകോഴിക്കോട്: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ നിയമിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ വർഷം ഭക്തർക്ക് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ഇത്തവണയും വേണ്ടത്ര മുന്നൊരുക്കം നടത്താൻ സർക്കാരും ബോർഡും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണിത്. അംഗീകരിച്ചു തരാൻ ബി.ജെ.പി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിങ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. സ്പോട്ട് ബുക്കിങ് ഉടൻ പുനസ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്ത് ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരികെ പോകേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു. അതിന് അനുയോജ്യമായ തീരുമാനങ്ങൾ സര്‍ക്കാറുമായി ആലോചിച്ച് കൈക്കൊള്ളും. വെർച്വൽ ക്യൂവിന്റെ എണ്ണം കൂട്ടില്ലെന്നും അറിയിച്ചിച്ചുണ്ട്.
വെർച്വൽ ക്യൂ ശബരിമലയിൽ എത്തുന്നവരുടെ ആധികാരിക രേഖയാണ്. എന്നാൽ സ്‌പോട്ട് ബുക്കിങ് കേവലം എൻട്രി പാസ് മാത്രമാണെന്നും ഓരോ വർഷവും സ്‌പോട്ട് ബുക്കിങ് എണ്ണം കൂടുന്നത് ആശാസ്യകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ മൂന്ന് മുതൽ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 11 വരെയുമാണ് പുതിയ ദർശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.