മോദിയുടെ ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമെന്ന് കെ.സുരേന്ദ്രൻ, ചാണകം തെളിക്കുന്നതിലൂടെ കോൺഗ്രസിെൻറ വരേണ്യ മനസാണ് പുറത്തുവന്നിരിക്കുന്നത്...
text_fieldsമോദിയുടെ ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമാണെന്നുള്ളതിന്റെ തെളിവാണ് തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസംഗമത്തിന്റെ വൻവിജയമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ നിഷ്പക്ഷമതികളായ സഹോദരിമാർ പ്രധാനമന്ത്രിയെ കാണാൻ എത്തി. തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിർബന്ധിച്ച് കൊണ്ടു വരുന്ന സി.പി.എമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വടക്കുംനാഥ മൈതാനത്ത് ചാണകം തെളിക്കുന്നതിലൂടെ കോൺഗ്രസിെൻറ വരേണ്യ മനസാണ് പുറത്തുവന്നിരിക്കുന്നത്. വടക്കുംനാഥെൻറ മണ്ണിൽ എങ്ങനെയാണ് ഒരു പിന്നാക്കകാരൻ പ്രസംഗിക്കുക എന്നാണ് കോൺഗ്രസ് ചിന്തിക്കുന്നത്. ഉപരാഷ്ട്രപതിയെ നേരത്തെ ജാതീയമായ ആക്ഷേപം ഉന്നയിച്ചവരാണ് കോൺഗ്രസുകാർ. രാഷ്ട്രപതിയേയും കോൺഗ്രസ് ഇങ്ങനെ അവഹേളിച്ചിരുന്നു. ജനാധിപത്യരീതിയിലാണ് എല്ലാവരും പ്രതിഷേധിക്കേണ്ടത്. അല്ലാതെ വികലമായ മനസോടെയല്ല പ്രതിഷേധിക്കേണ്ടത്. ഇത്തരം പ്രതിഷേധങ്ങൾ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ല. മോദിയുടെ ഗ്യാരണ്ടി വോട്ട്ബാങ്ക് രാഷ്ട്രീയമോ അവസരവാദ രാഷ്ട്രീയമോ വ്യാജ വാഗ്ദാനങ്ങളോ അല്ല. അത് വികസനവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്തതും ചെയ്യാനിരിക്കുന്നതുമായ കാര്യങ്ങളാണ്. മോദി ഗ്യാരണ്ടി എല്ലാ വീടുകളിലുമെത്തിക്കാൻ ബി.ജെ.പി ശ്രമിക്കും.
ഈ മാസം 27 മുതൽ മോദിയുടെ ഗ്യാരണ്ടി പുതിയ കേരളത്തിന് എന്ന മുദ്രാവാക്യം ഉയർത്തി എൻ.ഡി.എ കേരള പദയാത്ര നടത്തും. വികസന പദ്ധതികൾക്ക് ജനങ്ങളിൽ നിന്നും അഭിപ്രായം തേടാൻ ജനസദസുകളും സംഘടിപ്പിക്കും. ക്രിസ്മസിന് തുടങ്ങിയ സ്നേഹയാത്രകൾ തുടരും. അതിലൂടെ വിവിധ ജനവിഭാഗങ്ങളിലേക്ക് മോദിയുടെ ഗ്യാരണ്ടി എത്തിക്കും. കഴിഞ്ഞ വർഷം യുവം പരിപാടി നടത്തി യുവാക്കളിലേക്ക് ഇറങ്ങാൻ ബി.ജെ.പിക്ക് സാധിച്ചു.
ഈ വർഷം മഹിളസംഗമം നടത്തി കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരാനും പരിഹാരം നിർദേശിക്കാനും സാധിച്ചു. വരും മാസങ്ങളിൽ കർഷക, മതന്യൂനപക്ഷ, പട്ടികജാതി വിഭാഗക്കാരുടെ സംഗമങ്ങൾ നടത്തും. മാദ്ധ്യമപ്രവർത്തകരെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസ് ശ്രമിച്ചുവെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.