കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് 50 കോടി രൂപ അഡ്വാൻസായി നൽകുന്നത് നിക്ഷേപകരുടെ കണ്ണിൽപൊടിയിടുന്നതിന് തുല്യമാണ്. കരുവന്നൂർ ബാങ്കിനേക്കാൾ പരിതാപകരമാണ് കേരളബാങ്കിന്റെ അവസ്ഥ.
സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ നഷ്ടം കേരള ബാങ്ക് വീട്ടിയാൽ കേരള ബാങ്കും തകരുമല്ലാതെ വേറൊന്നും സംഭവിക്കില്ല. കട്ടവന്റെ അടുത്ത് നിന്നും പണം തിരിച്ചുപിടിക്കാതെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവില്ല. നിക്ഷേപകരെ കബളിപ്പിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കേണ്ടത് ഖജനാവിലെ പണം ഉപയോഗിച്ചോ മറ്റ് പൊതുഫണ്ട് ഉപയോഗിച്ചോ അല്ല, സി.പി.എമ്മാണ് നഷ്ടപരിഹാരം നൽകേണ്ടത്.
സി.പി.എം നേതാക്കളാണ് പാവപ്പെട്ടവരെ പറ്റിച്ചത്. താത്ക്കാലികമായി രക്ഷപ്പെടാൻ ആത്മഹത്യാപരമായ നിലപാടാണ് പിണറായി വിജയൻ സ്വീകരിക്കുന്നത്. പാവപ്പെട്ട കരുവന്നൂരിലെ ഇരകൾക്ക് നീതി കിട്ടും വരെ ബി.ജെ.പി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യുന്നതിന് മിനുട്ടുകൾക്ക് മുമ്പ് എംകെ കണ്ണനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് സംശയാസ്പദമാണ്. കരുവന്നൂർ കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുകയാണ്. കണ്ണൻ കുടുങ്ങിയാലും മറ്റ് ഉന്നത നേതാക്കളെ ഒറ്റിക്കൊടുക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെയും ബിനാമി ഇടപാടിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മുഖ്യമന്ത്രി ഇത് കേരളമാണ് ഇവിടെ വേറെ സംസ്കാരമാണെന്നൊക്കെയാണ് പറയുന്നത്. ഇഡി അന്വേഷണത്തെ തടയാനുള്ള മുഖ്യമന്ത്രിയുടെ ത്വര കാണുമ്പോൾ സഹകരണ ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പ് നടക്കുന്നത് അദ്ദേഹം ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വന്തം നാടിനോടുള്ള സ്നേഹവും ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള സാഹചര്യവുമാണ് നിക്ഷേപകരെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇത് മുതലെടുത്താണ് സിപിഎം- കോൺഗ്രസ് നേതാക്കൾ തട്ടിപ്പ് നടത്തുന്നത്. കരുവന്നൂർ സംഭവത്തിൽ യുഡിഎഫ് നേതാക്കളുടെ മൃദുസമീപനം അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ എന്നതിന്റെ തെളിവാണ്. സർക്കാർ പ്രതിസന്ധിയിലായാൽ ഗവർണറുടെ പേര് വലിച്ചിഴക്കുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.