ഭരണത്തിൽ ഒൻപത് വർഷം കേരളത്തെ ചേർത്തുപിടിച്ചത് മോദിസർക്കാരെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഭരണത്തിൽ ഒൻപത് വർഷം കേരളത്തെ ചേർത്തുപിടിച്ചത് മോദിസർക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് സംസ്ഥാനമന്ത്രിമാരും ചില ഇടതുപക്ഷ ബുദ്ധിജീവികളും പറയുന്നത് കളവാണെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി.യുമായി ബന്ധപ്പെട്ടതായാലും മറ്റ് ഗ്രാൻഡുകളായാലും കേന്ദ്രസർക്കാർ കൃത്യസമയത്ത് തന്നെ കേരളത്തിന് നൽകുന്നുണ്ട്. കേരളത്തെ കടക്കെണിയിലാക്കിയ ഇടതുവലതുമുന്നണികൾക്ക് ഭാരതത്തെ സാമ്പത്തിക ശക്തിയാക്കുന്ന കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ ധാർമ്മിക അവകാശമില്ല. വികസനമാണ് ബി.ജെ.പി.യുടെ മുദ്രാവാക്യം.
പി.എം.ആവാസ് യോജനയെ ലൈഫ് മിഷൻ പദ്ധതിയാക്കിയും ദേശീയ പാത വികസനം സ്വന്തം ഭരണ നേട്ടമാണെന്ന് മന്ത്രി റിയാസ് പറയുന്നതും പോലെ കേന്ദ്രപദ്ധതികളെ പേരുമാറ്റി സംസ്ഥാനപദ്ധതിയാക്കി അവതരിപ്പിക്കുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ രീതി.
വിഷുകൈനീട്ടമായി മോദിസർക്കാർ നൽകിയ വന്ദേഭാരത് എക്സ്പ്രസ് മലയാളികൾ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വികസനമാണ് നടക്കുന്നത്. ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് പതിനായിരക്കണക്കിനാളുകൾക്ക് കേരളത്തിൽ വീടുകൾ ലഭിച്ചു.
കൊവിഡ് കാലത്ത് ഭക്ഷ്യധാന്യമായും അരിയായും സഹായിക്കുക മാത്രമല്ല 5.44കോടി വാക്സിനും സൗജന്യമായി കേന്ദ്രം നൽകി. സംസ്ഥാനത്തെ 37.5 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയനുസരിച്ച് വർഷത്തിൽ 6000 രൂപാവീതം നൽകി. കഴിഞ്ഞ വർഷം മാത്രം ഈയിനത്തിൽ 1598 കോടിരൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്ത് 72ലക്ഷം പേർക്ക് സൗജന്യചികിത്സ ലഭിച്ചു. ജൻ ഔഷധികേന്ദ്രങ്ങൾ തുറന്ന് മരുന്നുകളും ആരോഗ്യസേവനവും മെച്ചപ്പെടുത്താനുളള പദ്ധതികളും തുടങ്ങിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.