വയനാട്ടില്‍ മത്സരം എൻ.ഡി.എയും ഇന്‍ഡ്യ സഖ്യവും തമ്മിലാവുമെന്ന് കെ. സുരേന്ദ്രന്‍
text_fieldsകോഴിക്കോട്: എസ്.എഫ്.ഐ അക്രമം കാമ്പസുകളില്‍ തുടര്‍ക്കഥയാവുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കാമ്പസുകളില്‍ എസ്.എഫ്.ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി പ്രവര്‍ത്തിക്കുന്നു. വിദ്യാർഥികളെ മാത്രമല്ല പ്രിന്‍സിപ്പലിനെയും അധ്യാപകരെയും അവര്‍ അക്രമിക്കുകയും ഭീഷണിയും മുഴക്കുകയും ചെയ്യുന്നുവെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
അധ്യാപകനെ മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടും സര്‍ക്കാര്‍ അക്രമകാരികള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്. വെറ്റിനറി കോളജിലെ വിദ്യാർഥിയായ സിദ്ധാര്‍ഥനെ ക്രൂരമായി കൊന്നു. കൊയിലാണ്ടിയില്‍ തന്നെ മറ്റൊരു വിദ്യാര്‍ഥിയെ അക്രമിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദാരുണമായ പതനത്തില്‍ നിന്നും സി.പി.എം ഒരു പാഠവും പഠിച്ചിട്ടില്ല. തെറ്റുതിരുത്തുമെന്ന് പറയുന്ന പാര്‍ട്ടി നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി മൗനം വെടിയണം. തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എമ്മിന് തിരിച്ചു വരാനുള്ള എന്തെങ്കിലും ലക്ഷണമുണ്ടായിരുന്നുവെങ്കില്‍ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കണമായിരുന്നു. അവസാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാറിലെ മന്ത്രിമാരായിരിക്കും എം.ബി. രാജേഷും മുഹമ്മദ് റിയാസും.
കോണ്‍ഗ്രസിനെ പോലെ ആങ്ങള പെങ്ങളെ തീരുമാനിക്കും പോലെ കുടുംബ കാര്യമല്ല ബി.ജെ.പിക്ക് സ്ഥാനാര്‍ഥി നിര്‍ണയം. അത് ആരുവേണമെന്ന് പാര്‍ട്ടി തീരുമാനിക്കും. വയനാട്ടില്‍ മത്സരം എൻ.ഡി.എയും ഇന്‍ഡ്യ സഖ്യവും തമ്മിലാവും. കോണ്‍ഗ്രസിന് ഇത്തവണ വിജയം എളുപ്പമാകില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.