സുധാകരന്റെ കേസ് എവിടെയുമെത്തില്ലെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേരിലുള്ള കേസ് എവിടെയുമെത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ ഏഴുവർഷങ്ങളായി യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള കേസുകൾ എല്ലാം ഒതുക്കിതീർക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കും വി.ഡി സതീശനും ഇബ്രാഹിംകുട്ടിക്കുമെതിരായ കേസുകളിൽ ഒന്നും അന്വേഷണം നടന്നില്ല. എല്ലാം ഒത്തുതീർപ്പാക്കുകയാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വ്യക്തമായ തെളിവുകൾ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ട്. പുനർജനി തട്ടിപ്പിന്റെ എല്ലാ ഡീറ്റെയിൽസും പിണറായി വിജയനറിയാം.
മോൻസൻ കേസിൽ സുധാകരന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിണറായി വിജയൻ കണ്ടുപിടിച്ച കേസൊന്നുമല്ല ഇത്. യു.ഡി.എഫ് നേതാക്കൾക്കെതിരായ എല്ലാ കേസും പോലെ ഇതും എവിടെയുമെത്തില്ല. പരസ്പര സഹകരണ മുന്നണികളാണ് ഇടതും വലതുമെന്ന് എല്ലാവർക്കും അറിയാം. സുധാകരൻ പണം വാങ്ങിയത് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന്റെ കൈയിലുണ്ട്.
എന്നാൽ, ബ്ലാക്ക്മെയിൽ അല്ലാതെ വേറൊന്നും ഇതിൽ പ്രതീക്ഷിക്കാനില്ല. ബി.ജെ.പി നേതാക്കളെ വേട്ടയാടാനാണ് പിണറായി വിജയൻ ശ്രമിച്ചത്. കൊടകര, മഞ്ചേശ്വരം, ബത്തേരി കേസുകളിൽ തനിക്കെതിരെ പൊലീസ് കഴിയാവുന്നത്ര തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ജെ.പി നദ്ദയുടെ വരവ് ബി.ജെ.പി പ്രവർത്തർക്ക് ആവേശം നൽകുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷിക ആഘോഷത്തിലും സാമുദായിക നേതാക്കൻമാരുമായുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭ നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.