സി.എ.എ കേസുകൾ പിൻവലിച്ച നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ചട്ടലംഘനം നടത്തിയതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിരോധിത ഭീകരസംഘടനയായ പി.എഫ്.ഐ നടത്തിയ അക്രമസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തത് പക്ഷപാതിത്വമാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇതിനെതിരെ ദേശീയ ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. കമീഷൻ ഈ കാര്യം ഗൗരവമായി പഠിച്ച് നടപടിയെടുക്കണമെന്നാണ് എൻ.ഡി.എയുടെ ആവശ്യം.
പ്രതിപക്ഷവും ഈ കാര്യത്തിൽ സർക്കാരിനൊപ്പമാണ്. അയ്യപ്പ വിശ്വാസികൾക്ക് വേണ്ടി ശബ്ദിക്കാൻ വി.ഡി സതീശൻ തയ്യാറാവുന്നില്ല. ശബരിമല തീർഥാടകരെന്താ രണ്ടാനമ്മയുടെ മക്കളാണോ? മുസ് ലീംങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്നുവെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തുന്നത്? ഇതും വ്യക്തമായ ചട്ടലംഘനമാണ്.
മുസ് ലീങ്ങളെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണെന്ന കളളപ്രചരണമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തുന്നത്. ഇതെല്ലാം വ്യാജ പ്രചരണങ്ങളുടെ കണക്കിൽപ്പെടുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടിയെടുക്കണം. സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന ബോധ്യമാണ് ഇത്തരം വർഗീയ പ്രചരണത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.