ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ അനുവഭിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വൈദ്യുതി ചാർജ് വർദ്ധന ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
കെ.എസ്.ഇബിയുടെ കടംവീട്ടാൻ സർക്കാർ പൊതുജനങ്ങളുടെ മേൽ കുതിരകയറുകയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും റെക്കോർഡ് വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉച്ചക്കഞ്ഞിക്ക് പോലും പണം കൊടുക്കാത്ത സർക്കാർ 5,000 കോടിരൂപയുടെ അധികഭാരമാണ് ഈ ബജറ്റിലൂടെ പൊതുജനങ്ങളുടെ മേൽ കെട്ടിവെച്ചത്. ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.
അങ്ങനെയൊരു സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ പൊടിച്ച് ധൂർത്ത് നടത്തുകയാണ് സർക്കാർ ചെയ്യുന്നത്. 10 ശതമാനത്തോളമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. പിണറായി സർക്കാരിനെ കൊണ്ട് മലയാളികൾ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രേയൽ- ഹമാസ് സംഘർഷത്തെ ഉപയോഗിച്ച് പ്രധാന വിഷയങ്ങൾ മറക്കാൻ സി.പി.എം ശ്രമിക്കുന്നത്.
അഖിലേന്ത്യാതലത്തിൽ ഐ.എൻ.ഡി മുന്നണിയുടെ ഭാഗമായ സി.പി.എമ്മിനെ രക്ഷിക്കാനാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ ഇടത് ഭരണത്തെ നിലനിർത്തേണ്ടത് രാഹുൽഗാന്ധിയുടെ കൂടി ബാധ്യതയാണ്. കേരളത്തിലെ മുസ് ലിങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഫാലസ്തീൻ വിഷയം കത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാമെന്നാണ് സി.പി.എം കരുതുന്നത്. അതിന് വേണ്ട സഹായമാണ് വി.ഡി സതീശൻ അവർക്ക് ഒരുക്കികൊടുക്കുന്നത്.
മുസ് ലിംലീഗ് പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫിലെത്തുമെന്നുറപ്പാണ്. നാല് വോട്ട് കിട്ടാൻ വേണ്ടിയാണ് സി.പി.എമ്മും കോൺഗ്രസും രാജ്യാന്തര ഭീകരവാദികളായ ഹമാസിനെ പിന്തുണക്കുന്നത്. ഹമാസ് എന്ത് ചെയ്താലും അവരെ പിന്തുണക്കണമെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.