വന്ദേഭാരത് കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലയാളികൾക്കുള്ള വിഷുകൈനീട്ടമായ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രധാനമന്ത്രിയോടും കേന്ദ്ര റെയിൽവെ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികൾ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിൻ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ വന്ദേഭാരത് അനുവദിച്ചത് ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവർ പറയുന്നത്.
വികസനമാണ് ബി.ജെ.പിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. വന്ദേഭാരതിൻ്റെ പതിമൂന്നാം നമ്പർ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസന കാര്യത്തിൽ മോദി സർക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇതൊരു തുടക്കം മാത്രമാണ്.
രണ്ട് ലക്ഷം കോടി ചിലവഴിച്ച് കേരളത്തെ കടക്കെണിയിലാക്കി വലിയ തോതിൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന സിൽവർലൈൻ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച സിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.