തലശ്ശേരിയിലെ കൊലപാതകം പ്രാദേശികമായ പ്രശ്നമെന്ന് കെ സുരേന്ദ്രൻ
text_fieldsകോഴിക്കോട്: തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്നമാണെന്നും അതിൽ ബി.ജെ.പിക്കോ ആർ.എസ്.എസ്സിനോ ബന്ധമില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് തലശ്ശേരി മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സി.പി.എം നടത്തിയ കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഹരിപ്പാട് ആർ.എസ്.എസ് പ്രവർത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സി.പി.എം ക്രിമിനലുകളാണ്. പിണറായി വിജയന്‍റെ തുടർഭരണത്തിന്‍റെ ഹുങ്കിൽ സി.പി.എം-സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂരിൽ കഴിഞ്ഞ ദിവസം സി.ഐ.ടി.യു പ്രവർത്തകർ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാൻ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവൻ ചർച്ചയായിരുന്നു. കണ്ണൂരിൽ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കാൻ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.