കേരളത്തിൽ തീവ്രവാദ ആക്രമണം തുടർച്ചയാകുന്നതിന് കാരണം സർക്കാരിന്റെ പരാജയമെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങൾ പരാജയപ്പെട്ടു. ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലും അതിന് ശേഷം പ്രതി സംസ്ഥാനം വിട്ടതിലും പൊലീസിന് വീഴ്ചയുണ്ടായിരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മൃദുസമീപനമാണ് സ്വീകരിച്ചു പോരുന്നത്. തീവ്രവാദ ശക്തികളോടുള്ള സർക്കാരിന്റെ സമീപനം തിരുത്തിയില്ലെങ്കിൽ കേരളം വലിയ അപകടത്തിലേക്കാവും പോവുകയെന്ന് ഉറപ്പാണ്. ഗുണ്ടകളും ക്രിമിനലുകളും മാഫിയകളും അഴിഞ്ഞാടുമ്പോഴാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ബോംബ് സ്ഫോടനങ്ങളും സംസ്ഥാനത്ത് നടക്കുന്നത്.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ബോംബ് സ്ഫോടനങ്ങൾ നടക്കാത്തതിന് കാരണം അവിടത്തെ ഭീകരവിരുദ്ധ സേന പുലർത്തുന്ന ജാഗ്രതയും കേന്ദ്ര ഏജൻസികളുമായുള്ള കോർഡിനേഷനുമാണ്. എന്നാൽ സംസ്ഥാനത്ത് അങ്ങനെയൊരു ഏകോപനം നടക്കുന്നില്ല. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഭരണാധികാരികൾ ഭരിക്കുമ്പോൾ കേരളത്തിന്റെ സുരക്ഷയിൽ ജനങ്ങൾ ആശങ്കയുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.