‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’: ശ്രീജിത്തിനെ പ്രകോപിപ്പിച്ചത് സുരേന്ദ്രന്റെ അധിക്ഷേപം
text_fieldsന്യൂഡൽഹി: ചാനൽ ചർച്ചകളിൽ സജീവ സംഘ്പരിവാർ മുഖമായ ശ്രീജിത് പണിക്കർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി രംഗത്തെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംഘ് പരിവാർ അനുകൂലികളും എതിരാളികളും ഒരുപോലെ ആഘോഷിക്കുന്നത്. സുരേന്ദ്രനെ പരിഹസിക്കാൻ രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുന്നതിനേക്കാൾ കടുത്ത ഭാഷയാണ് പണിക്കരുടെ കുറിപ്പിലുള്ളത്. ചെറിയുള്ളി തൊലിയുരിച്ച ചിത്രവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന സുരേന്ദ്രന്റെ പ്രയോഗമാണ് ശ്രീജിത്തിനെ പ്രകോപിപ്പിച്ചത്. ഇന്ന് രാവിലെ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രൻ ശ്രീജിത്തിനെ പരിഹസിച്ചത്. ‘സുരേഷ് ഗോപിയെ തോൽപിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്ന് ചില ആക്രി നിരീക്ഷകൻമാരായ കള്ളപ്പണിക്കൻമാർ വൈകുന്നേരം ചാനൽ ചർച്ചകളിൽ വന്നു പറയുന്നു’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദ്ദേഹം ജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണ്. സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാതിരിക്കാനാണ് സത്യജിത്ത്റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചെയർമാനാക്കിയതെന്ന വാർത്ത ആദ്യം പ്രചരിപ്പിച്ചു. പിന്നീട് അദ്ദേഹം സ്ഥാനാർത്ഥിയായപ്പോൾ, ആക്രി നിരീക്ഷകൻമാരായ കള്ളപ്പണിക്കൻമാർ വൈകുന്നേരം ചാനൽ ചർച്ചകളിൽ വന്ന്, അദ്ദേഹത്തെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിച്ചുവെന്ന നരേറ്റീവ് ഉണ്ടാക്കി. ഇപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന ഊഹാപോഹം സൃഷ്ടിക്കുന്നു. ഇതൊന്നും കൊണ്ട് സുരേഷ് ഗോപിയേയോ ബിജെപിയേയോ തകർക്കാനാവില്ല. കേരളത്തിന് രണ്ട് മന്ത്രിമാരെ നൽകിയത് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോടുള്ള കരുതലാണ്’ -കെ. സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ, പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.
മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ സുരേന്ദ്രന് തന്നോട് നല്ല കലിപ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം തുടർന്നു.
ശ്രീജിത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ഗണപതിവട്ടജി,
നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ “മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.
ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!
പണിക്കർ
ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.