Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ. കെ. ജി എന്താ...

എ. കെ. ജി എന്താ പടച്ചോനായിരുന്നോ? ബൽറാമിന് കട്ടസപ്പോർട്ടുമായി കെ.സുരേന്ദ്രൻ

text_fields
bookmark_border
എ. കെ. ജി എന്താ പടച്ചോനായിരുന്നോ? ബൽറാമിന് കട്ടസപ്പോർട്ടുമായി കെ.സുരേന്ദ്രൻ
cancel

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തന്നെ കടന്നാക്രമിച്ചിട്ടുള്ള കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമിനെ എ.കെ.ജി വിഷയത്തിൽ പിന്തുണച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. എ. കെ. ജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിൻറെ വിമർശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് യോജിപ്പില്ല. യോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൻറെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാൽ എ. കെ. ജിയെ വിമർശിച്ചാൽ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല. യേശുവിനെയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനേയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എ. കെ. ജിയെപ്പററി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാൻ ആത്മാഭിമാനമുള്ളവർക്കു കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.


കെ.സുരേന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്

വി. ടി. ബൽറാമിനെ പലപ്പോഴും നിശിതമായി വിമർശിച്ചിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രിയെ കാളേടെ മോനെന്നും അമിത് ഷായെ അമിട്ടു ഷാജിയെന്നും വിളിച്ചപ്പോൾ ശക്തമായിത്തന്നെ തിരിച്ചടിച്ചിട്ടുമുണ്ട്. നവമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെപ്പററി ഇപ്പോഴും അഭിപ്രായവ്യത്യാസവുമുണ്ട്. എന്നാൽ എ. കെ. ജി വിമർശനാതീതനാണെന്നും ഇപ്പോഴത്തെ ബൽറാമിൻറെ വിമർശനം മഹാ അപരാധമാണെന്നുമൊക്കെ പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. എ. കെ. ജി എന്താ പടച്ചോനായിരുന്നോ? പടച്ചോനോടുപോലും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുള്ള നാടാണിത്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിൻറെ ആണിക്കല്ല്. പറഞ്ഞ ഭാഷ നല്ലതല്ലെന്ന് ചൂണ്ടിക്കാണിക്കാം. എന്നാൽ എ. കെ. ജിയെ വിമർശിച്ചാൽ ആപ്പീസു തല്ലിപ്പൊളിക്കുന്നതും ഉപരോധമേർപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല. 

എ. കെ. ജിയുടെ ഒളിവുജീവിതം ഒരു രഹസ്യമല്ല നമ്മുടെ നാട്ടിൽ. അദ്ദേഹം തന്നെ അത് തുറന്നെഴുതിയിട്ടുമുണ്ട്. പ്രായപൂർത്തിയാവാത്ത സുശീലയോട് ഒരുപാട് പ്രായവ്യത്യാസമുള്ള വിഭാര്യനായ എ. കെ. ജിക്കു തോന്നിയ പ്രണയം കേരളം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യവുമല്ല. മാത്രമല്ല ഈയിടെയാണ് ഗൗരിയമ്മ എ. കെ. ജിയെക്കുറിച്ച് അവർക്കുണ്ടായ ഒരു അനുഭവം തുറന്നുപറഞ്ഞതും. നമ്മുടെ നാട്ടിൽ മരണാനന്തരം പല മഹാൻമാരുടേയും സ്വകാര്യജീവിതം ചർച്ചാവിഷയമാവുന്നതും ഇതാദ്യമല്ല. 

മാർക്സിൻറെ സ്വകാര്യജീവിതം തന്ന വലിയ ചർച്ചയായതുമാണ്. ഗാന്ധിജിയുടേയും നെഹ്രുവിൻറേയും വ്യക്തിജീവിതത്തിലെ പല ഏടുകളും ജീവചരിത്രകാരന്മാരും മാധ്യമപ്രവർത്തകരുമൊക്കെ പലതവണ ചർച്ചാവിഷയമാക്കിയിട്ടുമുണ്ട്. നാടുമുഴുവൻ ഇല്ലാത്ത അസഹിഷ്ണുതയുടെ പേരിൽ തുള്ളുന്നവരാണ് ഇപ്പോൾ ഇതും പൊക്കിപ്പിടിച്ച് ചാടുന്നത്. എ. കെ. ജിയുടെ മഹത്വം ഒരാളുടെ പ്രസ്താവനകൊണ്ട് ഇല്ലാതായിപോകുന്നതാണെങ്കിൽ അത് അത്ര വലിയ മഹത്വമല്ല. ആധുനിക ലോകം കണ്ട ഏററവും വലിയ മനുഷ്യാവകാശധ്വംസകനായ കിംഗ് ജോങ്ങിനെ മാതൃകാപുരുഷനായി വാഴ്ത്തുന്നവർക്കെന്താണ് സഹിഷ്ണുതയെക്കുറിച്ച് പറയാനുള്ളത്? യേശുദേവനേയും മുഹമ്മദ് നബിയെയും ശ്രീരാമചന്ദ്രനേയും വിമർശിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ എ. കെ. ജിയെപ്പററി മിണ്ടാൻ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാൻ ആത്മാഭിമാനമുള്ളവർക്കു കഴിയില്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvt balrammalayalam newsAKG
News Summary - k surendran support vt balram on akg issue-Kerala news
Next Story