മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ? എവിടെ വരെ പോകും എന്ന് നോക്കാം; സന്ദീപ് വാര്യർക്കെതിരെ കെ. സുരേന്ദ്രൻ
text_fieldsപാലക്കാട്: കൊടകര വിഷയത്തില്‍ ശോഭ സുരേന്ദ്രന് ഒരു പങ്കുമില്ലെന്നും അവരെ ഒറ്റപ്പെടുത്തില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മാധ്യമങ്ങള്‍ അവരുടെ റേറ്റിങ്ങിനായി ഏതെങ്കിലും ബി.ജെ.പി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. ഈ വിഷയത്തിലേക്ക് ശോഭ സുരേന്ദ്രനെ അനാവശ്യമായി വലിച്ചിടുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പുകളില്‍ ശരിയായി ചര്‍ച്ചചെയ്യേണ്ട വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളെല്ലാം. അതില്‍ ഏതെങ്കിലും ബി.ജെ.പി നേതാക്കളുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഞങ്ങളുടെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്താനാണ് ശ്രമം. ശോഭ സുരേന്ദ്രന് ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധമുണ്ടെന്ന് ആരു പറഞ്ഞാലും വിശ്വസിക്കില്ല. ഇപ്പോൾ നടക്കുന്നത് എല്ലാം വ്യാജ പ്രചാരണങ്ങളാണ്. ബി.ജെ.പി വിട്ട് ആരും പോകില്ല. ബി.ജെ.പിയിൽനിന്ന് നിങ്ങൾ ആരും അത് പ്രതീക്ഷിക്കേണ്ട.
നിങ്ങൾ കടുത്ത നിരാശയിൽ ആകും. സന്ദീപിന്റെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നും സംഭവിക്കില്ല, എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാം. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്കിലെ പ്രതികരണം വിവാദമായതോടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ബി.ജെ.പി കാര്യാലയത്തിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും ഓഫിസിലെത്തി. ആത്മാര്‍ഥതയുള്ള ഒരു പ്രവര്‍ത്തകനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കില്ലെന്ന് സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.