'സുൽത്താൻ ബത്തേരിയല്ല, ഗണപതിവട്ടമാണ്'; പേര് മാറ്റണമെന്ന് കെ. സുരേന്ദ്രൻ
text_fieldsകൽപറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് മാറ്റണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ. സുല്‍ത്താന്‍ ബത്തേരിയുടെ യഥാർഥ പേര് ഗണപതിവട്ടം എന്നാണ്. വൈദേശികാധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
താൻ ജയിച്ചാൽ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്ന് മാറ്റുമെന്ന് നേരത്തെ ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇന്ന് വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ഇതിനെ ന്യായീകരിച്ചു. 'സുല്‍ത്താൻസ് ബാറ്ററി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചത്' -സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉത്തരേന്ത്യയിൽ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളത്തിൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യമുന്നയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.