സംസ്ഥാനത്ത് ദലിത് വിഭാഗക്കാർ പീഡിപ്പിക്കപ്പെടുന്നുവെന്ന് കെ. സുരേന്ദ്രൻ; കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകന്റെ വീട് സന്ദർശിച്ചു
text_fieldsകൊച്ചി: സംസ്ഥാനത്ത് ദലിത് വിഭാഗക്കാർ പീഡിപ്പിക്കപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവ് സി.പി.എം ക്രിമിനലുകളാൽ കൊല ചെയ്യപ്പെട്ടിട്ടും സംസ്ഥാന പട്ടികജാതി കമ്മീഷൻ നോക്കുകുത്തിയായിരിക്കുകയാണ്. ദീപുവിന്റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിന് അനാസ്ഥയാണ്. കലക്ടറും എം.എൽ.എയും ഉൾപ്പെടെയുള്ള അധികൃതർ ആരും ഒരക്ഷരം മിണ്ടുന്നില്ല. ദീപുവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാഷ്ട്രീയ കൊലപാതകമാണ് നടന്നത്. എന്നാൽ അത് മറച്ചുവെക്കാൻ കഷ്ടപ്പെടുകയാണ് മുഖ്യമന്ത്രി.
ദീപു വധക്കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. മരണത്തെ കുറിച്ച് മനുഷ്യത്വവിരുദ്ധമായ പ്രചരണമാണ് സി.പി.എം നടത്തുന്നത്. ഈ സർക്കാരിൽ നിന്നും നീതി ലഭിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.