'മകൻ ചെയ്യുന്നതിനെല്ലാം അച്ഛൻ ഉത്തരവാദിയല്ലെന്ന ന്യായം കൊള്ളാം' കെ. സുരേന്ദ്രന്‍റെ കോടിയേരിക്കെതിരായ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാല
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കുഴല്‍പ്പണക്കേസിൽ അന്വേഷണം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ മകനിലേക്കും നീണ്ടതോടെ സുരേന്ദ്രന്‍റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ മകൻ ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴാണ് ''മകൻ ചെയ്യുന്നതിനെല്ലാം അച്ഛൻ ഉത്തരവാദിയല്ലെന്ന ന്യായം ഒക്കെ കൊള്ളാം'' എന്ന് തുടങ്ങുന്ന കുറിപ്പ് സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 2019 ജൂണ്‍ 22നായിരുന്നു ഇത്. ഈ പോസ്റ്റിന് കീഴിൽ ഇടത് അനുകൂലികളുടെ പൊങ്കാലയാണ് നടക്കുന്നത്.
''കെ.സുരേന്ദ്രന്‍റെ മകൻ... 22 വയസുകാരൻ... കെ.എസ് ഹരികൃഷ്ണൻ ഒരു വിദ്യാർത്ഥിയാണ്. നാളിതുവരെ ഏതെങ്കിലും തരത്തിൽ പൊതുപ്രവർത്തനമോ രാഷ്ട്രീയ പ്രവർത്തനമോ നടത്തിയതായി കേരള സമൂഹം കേട്ടിട്ടില്ല. ബി.ജെ.പിയിലോ ആർ.എസ്.എസിലോ പോയിട്ട് യുവമോർച്ചയിലോ എ.ബി.വി.പിയിലോ എന്തിന് ബാലഗോകുലത്തിലോ എന്തെങ്കിലും സംഘടനാ ചുമതല വഹിച്ചിട്ടുമില്ല.
ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ചുമതലയും ഇല്ല. അത്തരം ഒരാൾ ആഴ്ചകളോളം കോന്നിയിൽ തമ്പടിച്ച് ധർമ്മരാജനുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെടുകയും നേരിട്ട് കൂടി കാഴ്ച നടത്തുകയും ചെയ്തത് എന്തിനായിരുന്നു. ഉത്തരം കൃത്യം.. വ്യക്തം..
അച്ഛന്‍റെ തിരക്ക് കാരണം തനിക്ക് ഏറ്റവും വിശ്വസ്തനായ മകനെ തന്നെ നിയന്ത്രണം കുഴൽ ഏൽപ്പിച്ചു'' എന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്.
''എന്തായാലും ഹാൻസ് വെച്ചു മല ചവിട്ടിയത് ശാസ്താവിന് ഇഷ്ട്ടപ്പെട്ടിട്ടില്ലാ. അമ്മാതിരി പണി അല്ലെ തന്നോണ്ടിരിക്കുന്നത്. മോനെകൂടി ഫീൽഡിൽ ഇറക്കിയത് നന്നായി'', 'ഒന്നും പേടിക്കേണ്ട സുരേട്ടാ, എല്ലാം അയ്യപ്പശാപം മാത്രമാകും', 'ജീ, ഈഡി വരുമോ? വരില്ലേ?' തുടങ്ങിയ കമന്‍റുകളും കാണാം. കുഴൽപണക്കേസ് സി.പി.എം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനെ ന്യായീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട ധര്‍മ്മരാജനും സുരേന്ദ്രന്‍റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവർ തമ്മിൽ കൂടിക്കാഴ്ച നടന്നതായും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. കുഴൽപ്പണക്കേസിൽ പ്രതിസ്ഥാനേത്തക്ക് ബി.െജ.പി നേതാവ് കെ. സുരേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞതായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ''ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ കാര്യമാണ് കഷ്ടം. ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പു പദ്ധതികളിൽ വീണു പോകുന്നവരേക്കാൾ ദുർബലരാണ് അമിത്ഷായും നരേന്ദ്രമോദിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിൽ 35 സീറ്റ് കിട്ടുമെന്ന കണക്കുണ്ടാക്കി അവരുടെ കൈയിൽ നിന്ന് നാനൂറു കോടിയോ മറ്റോ സംഘടിപ്പിച്ചു എന്നാണ് വാർത്തകളിൽ നിന്ന് മനസിലാകുന്നത്. ഈ കണക്കും വിശ്വസിച്ച് കോടിക്കണക്കിന് രൂപ വാരിയെറിഞ്ഞവരെക്കുറിച്ച് എന്താണ് പറയേണ്ടത്? രാജ്യം ഭരിക്കുന്നവർ അവിശ്വസനീയമാംവിധം ബുദ്ധിശൂന്യരാണെന്നു മാത്രം മനസിലാക്കുക'' -തോമസ് ഐസക് പരിഹസിച്ചു.
കെ. സുരേന്ദ്രന്‍റെ പഴയ ഫേസ്ബുക് പോസ്റ്റ്:
മകൻ ചെയ്യുന്നതിനെല്ലാം അച്ഛൻ ഉത്തരവാദിയല്ലെന്ന ന്യായം ഒക്കെ കൊള്ളാം. എന്നാൽ ഈ ന്യായമൊന്നും ശബരിമല പ്രക്ഷോഭകാലത്ത് അതും കോടിയേരിക്കും കൂട്ടർക്കും സ്ത്രീശാക്തീകരണവും നവോത്ഥാനവുമൊക്കെ കൊടുമ്പിരിക്കൊണ്ടിരുന്നപ്പോൾ കേരളം കണ്ടിരുന്നില്ല. സമരത്തിൽ പങ്കെടുത്തു ശരണം വിളിച്ചു എന്ന നിസ്സാര കാരണത്തിന് കേസ്സു ചുമത്തപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വീടുകളിൽ രാവും പകലും കയറിയിറങ്ങി കേരളാ പോലീസ് പ്രായം ചെന്ന അമ്മമാരേയും എന്തിന് ഗർഭിണികളേയും നിത്യരോഗികളേയും വരെ ക്രൂരമായി പീഡിപ്പിച്ച സമയത്ത് ഈ ന്യായീകരണമൊന്നും ഉണ്ടായില്ലല്ലോ. ഇവിടെ സ്വന്തം മകനെ പിടിച്ചുകൊടുക്കാൻ മുംബൈ പൊലീസ് കേരളാ പൊലീസ്സിനോട് ആവശ്യപ്പെട്ടിട്ട് 72 മണിക്കൂർ കഴിഞ്ഞിട്ടും ഒരു പൊലീസുകാരനും അന്വേഷിച്ച് എങ്ങും ചെല്ലുകയോ ആരെയും ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലല്ലോ. കേരളാ പൊലീസ് വിചാരിച്ചാൽ ബിനോയ് എവിടുണ്ടെന്ന് കണ്ടെത്താൻ വെറും അഞ്ചു മിനിട്ടു മതി. മിസ്ടർ കോടിയേരി ബാലകൃഷ്ണൻ, താങ്കളുടെ അധരവ്യായാമം അവസാനിപ്പിച്ച് ഒന്നുകിൽ അറബിക്കേസ്സ് ഒത്തിതീർത്തതുപോലെ ചോദിച്ച കാശ് വല്ല വ്യവസായിയേയും കൊണ്ട് കൊടുപ്പിച്ച് പരാതിക്കാരിയെക്കൊണ്ട് കേസ്സ് പിൻവലിപ്പിക്കുക അല്ലെങ്കിൽ മകനെ മുംബൈ പൊലീസിനു കീഴടങ്ങാൻ വിട്ട് നിയമപരമായി നേരിടുക. സർക്കാർ ഭൂമിയോ വിലമതിക്കാനാവാത്ത പൈതൃക സമ്പത്തോ ആ വ്യവസായിക്ക് എഴുതിക്കൊടുത്ത് ഉപകാര സ്മരണയും കാണിക്കാൻ അങ്ങേക്കാവുമല്ലോ. പാർട്ടി പ്ളീനം , തെറ്റുതിരുത്തൽ രേഖ,സ്വയം വിമർശനം, കമ്യൂണിസ്റ്റ് ജീവിത ശൈലി എന്നൊക്കെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകളൊക്കെ പാവപ്പെട്ട അണികളെ പറ്റിക്കാൻ ഇനിയും പുറത്തെടുക്കരുതെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.