നിയമപരമായി ഏതറ്റം വരെയും പോകും; കേസ് കെട്ടിച്ചമച്ചതെന്ന് കെ. വിദ്യ
text_fieldsപാലക്കാട്: ജോലി നേടാൻ വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസ് കെട്ടിച്ചമച്ചതെന്ന് അറസ്റ്റിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ. നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിദ്യ മാധ്യമങ്ങളോട് പറഞ്ഞു. മണ്ണാർകാട് കോടതിയിൽ ഹാജരാകാൻ അഗളിയിൽ നിന്ന് പോകുമ്പോഴായിരുന്നു വിദ്യയുടെ പ്രതികരണം.
കേസ് കെട്ടിച്ചമച്ചതാണെന്ന് എനിക്കും നിങ്ങൾക്കും അറിയാം. നിങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ചില്ലേയെന്നും വിദ്യ മാധ്യമങ്ങളോട് ചോദിച്ചു. മഹാരാജാസ് കോളജിലെ പ്രവൃത്തി പരിചയം സംബന്ധിച്ച ബയോഡേറ്റയിലെ വിശദീകരണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ വിദ്യ തയാറായില്ല. കോടതിയിലേക്ക് പോകുകയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും വിദ്യ വ്യക്തമാക്കി.
ജോലി നേടാൻ വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിലാണ് ഒളിവിലായിരുന്ന മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ഇന്നലെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മേപ്പയൂർ സ്റ്റേഷൻപരിധിയിലെ ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാത്രി ഏഴോടെ അഗളി പൊലീസ് വിദ്യയെ പിടികൂടിയത്.
വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചതാണ്. ജൂൺ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. തുടർന്ന് ഇവർ ഒളിവിലായിരുന്നു. വിദ്യ കോഴിക്കോട് ഉണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അഗളി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലെക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.