ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസിനെതിരെ വീണ്ടും കാപ്പചുമത്തി
text_fieldsആലുവ: നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസിനെ (അൻസീർ-36) വീണ്ടും കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്തു. പറവൂർ കവലയിലെ ലോഡ്ജിൽ വച്ച് ഇബ്രാഹിം എന്നയാളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, നോർത്ത് പറവൂരിൽ ഹാരിഷ് മുഹമ്മദ് എന്നയാൾ ആത്മഹത്യ ചെയ്ത കേസിലും ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽകഴിഞ്ഞു വരികെയാണ് അറസ്‌റ്റ്.
2019 ൽ ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ഇയാൾക്കെതിരെ ഗുണ്ട നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു. പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലപാതകക്കേസ്, ആത്മഹത്യ പ്രേരണക്കുറ്റം, പുക്കടശേരി റഹിം വധശ്രമക്കേസ്, അനധികൃതമായി ആയുധം കൈവശം വച്ച കേസ്, തട്ടിക്കൊണ്ടു പോകൽ, സംസ്‌ഥാനത്തിനകത്തും പുറത്തും സ്‌ഥലമിടപാടുകൾ, ഒത്തുതീർപ്പ്, സ്വർണ്ണക്കടത്ത് തുടങ്ങി പ്രമാദമായ കേസുകളിലെ പ്രതിയാണ് ഇയാൾ.
പെരുമ്പാവൂർ, എടത്തല, കുറുപ്പംപടി, നോർത്ത് പറവൂർ, വലിയതുറ, ആലുവ ഈസ്‌റ്റ്, കർണ്ണാടകയിലെ ഉപ്പിനങ്ങാടി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനസിനെതിരെ കേസുകളുണ്ട്. പെരുമ്പാവൂരിൽ അനധികൃതമായി ആയുധം കൈവശം വച്ച കേസിൽ 2019 ജൂലൈ മുതൽ മൂന്നു മാസവും, ആദ്യ കാപ്പ ചുമത്തിയ കേസിൽ 2019 ആഗസ്ത് 26 മുതൽ നാല് മാസത്തോളവും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. തുടർന്ന് ആലുവ പറവൂർ കവലയിലെ ലോഡ്ജിൽ നടന്ന വധശ്രമ കേസിൽ 2020 മെയ് 10 മുതൽ കാക്കനാട് സബ് ജയിലിൽ ജുഡിഷ്യൽ കസ്‌റ്റഡിയിലാണ്. കൂടാതെ നോർത്ത് പറവൂരിൽ ആത്മഹത്യ പ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ടും ഇയാൾ ജുഡീഷ്യൽ കസ്‌റ്റഡിൽ കഴിയുകയാണ്. കശ്‌മീർ റിക്രൂട്ട്മെൻറ് കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. അനസിന്‍റെ കൂട്ടാളികൾക്കെതിരെയും കാപ്പ പ്രകാരം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ഡാർക്ക് ഹണ്ട് പ്രകാരം റൂറൽ ജില്ലയിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എറണാകുളം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്ത് ക്രിമനലുകൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിടുണ്ട്. 23 പേരെ നാടുകടത്തി. സുരക്ഷ മുൻകരുതല്‍ നടപടികളുടെ ഭാഗമായി 1024 പേർക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ സ്വഭാവമുള്ളവരുടേയും, ഒന്നിലധികം കേസുകളിൽ പെടുന്നവരുടേയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് റൂറൽ ജില്ല പൊലീസ്. ശക്തമായ പ്രവർത്തനങ്ങൾ കൊണ്ട് റൂറൽ ജില്ലയിലെ ഗുണ്ടാ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ കഴിഞ്ഞെന്നും എസ്.പി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.