പമ്പയെ പൂങ്കാവനത്തിലേക്കുള്ള പ്രവേശന കവാടമാക്കും –മന്ത്രി കടകംപള്ളി
text_fieldsശബരിമല: ശബരിമല പൂങ്കാവനത്തിലേക്കുള്ള പ്രവേശന കവാടമായി പമ്പയെ മാറ്റുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല മാസ്റ്റര്‍ പ്ളാന്‍ അനുസരിച്ച് 99 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രസാദം പദ്ധതിയിലൂടെ നടപ്പാക്കും. പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതി മേല്‍നോട്ടം വഹിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പമ്പയുടെ സൗന്ദര്യവത്കരണ പദ്ധതിക്കു തുടക്കംകുറിക്കും. പരിസ്ഥിതി സംരക്ഷണത്തിലൂന്നി പമ്പാനദി സംരക്ഷിക്കുന്നതിനായി ‘ശുചിത്വ പമ്പ’ എന്നപേരില്‍ പദ്ധതി ആരംഭിക്കും. പമ്പയില്‍ അത്യാധുനിക മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കും. തീര്‍ഥാടകര്‍ പമ്പയില്‍ മുങ്ങുന്നതിനുമുമ്പ് അവരുടെ ശരീരം വൃത്തിയാക്കുന്നതിനായി ഷവര്‍ സംവിധാനം സ്ഥാപിക്കും. ത്രിവേണി പാലത്തിനു സമാന്തരമായി പുതിയപാലം നിര്‍മിക്കും. സന്നിധാനത്തെ വലിയ നടപ്പന്തല്‍ നവീകരിക്കും. ഇവിടെ തീര്‍ഥാടകര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കും. വഴിപാട് കൂപ്പണുകള്‍, കുടിവെള്ളം എന്നിവ ഇവിടെ ലഭ്യമാക്കും.
വ്യവസായി രവിപിള്ള സ്പോണ്‍സര്‍ ചെയ്ത മൂന്നുകോടിയുടെ അരവണ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കും. നിലവിലെ അരവണ പ്ളാന്‍റിനേക്കാള്‍ രണ്ടിരട്ടി ഉല്‍പാദനശേഷിയുള്ളതാണ് പുതിയ പ്ളാന്‍റ്. ശബരിമലയുടെ വികസനത്തിനായി കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, ദേവസ്വം കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, പി.ആര്‍.ഒ മുരളി കോട്ടക്കകം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.