ശബരിമല സ്ത്രീപ്രവേശം: ബോര്‍ഡ് പ്രസിഡന്‍റും മന്ത്രിയും തമ്മില്‍ പൊതുവേദിയില്‍ പരസ്യ വാക്പോര്
text_fieldsകോട്ടയം: ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മന്ത്രിയും തമ്മില്‍ പൊതുവേദിയില്‍ പരസ്യ വാക്പോര്. ശബരിമലയിലെ സ്ത്രീ നിയന്ത്രണം ആചാരാനുഷ്ഠാനത്തിന്‍െറ ഭാഗമാണെന്നും അത് നിലനിര്‍ത്താന്‍ ഏതു ശ്രമവും നടത്തുമെന്നും ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പാഴ്മുറംകൊണ്ട് സൂര്യപ്രകാശത്തെ തടയുന്നതുപോലെയാണ് തെറ്റായ ആചാരങ്ങള്‍ മാറ്റുന്നതിനെ പ്രതിരോധിക്കുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരിച്ചടിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോട്ടയത്ത് സംഘടിപ്പിച്ച നാട്ടാന പരിപാലനനിയമ ശില്‍പശാലയുടെ ഉദ്ഘാടനവേദിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ആചാരാനുഷ്ഠാനങ്ങള്‍ എല്ലാക്കാലത്തും ഒരുപോലെ ആയിരുന്നില്ളെന്ന ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. മുന്‍കാലത്ത് ക്ഷേത്രങ്ങളില്‍ ഒരുവിഭാഗത്തിന് വരാന്‍ കഴിയുമായിരുന്നില്ല. ഇത് ഒരു ഉത്തരവിലൂടെയാണ് മാറ്റിയത്.
തെറ്റായ ആചാരാനുഷ്ഠാനങ്ങള്‍ മാറി പുതിയ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടാവും.തെറ്റായ കാര്യങ്ങളെ അനുഷ്ഠാനത്തിന്‍െറ പേരില്‍ അംഗീകരിക്കാനാവില്ല. പണ്ട് കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും ചെന്നത്തൊനുള്ള ബുദ്ധിമുട്ടുമുണ്ടായിരുന്നപ്പോള്‍ സ്ത്രീകളാരും ശബരിമലയ്ക്ക് പോവാറില്ലായിരുന്നു. ഇപ്പോള്‍ പമ്പയില്‍ വരെ വാഹനം ചെല്ലുന്ന സാഹചര്യമുണ്ട്. പല ആചാരങ്ങളും മാറി പുതിയവ ഉണ്ടായിട്ടുണ്ട്. എല്ലാ വാദവും പരിഗണിച്ച് ഉചിത തീരുമാനം കോടതിയെടുക്കണമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. ക്ഷേത്രങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ ബോര്‍ഡിനേക്കാള്‍ താല്‍പര്യം സര്‍ക്കാറിനുണ്ടെന്നും കടകംപള്ളി പറഞ്ഞു. മുന്‍കാലത്ത് സര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കാന്‍ ബോര്‍ഡിനായിട്ടില്ളെന്നും മന്ത്രി കുറ്റപ്പെടുത്തി. നാലുകോടി ഭക്തര്‍ മണ്ഡലക്കാലത്ത് എത്തുന്നത് കണക്കാക്കി ഇടത്താവളങ്ങളിലടക്കം കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപ്രവേശ വിഷയത്തില്‍ തന്‍െറ മുന്‍നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു ബോര്‍ഡ് പ്രസിഡന്‍റിന്‍െറ അധ്യക്ഷ പ്രസംഗം. നിയമപരമായും പ്രാര്‍ഥനകൊണ്ടും സ്ത്രീപ്രവേശത്തെ എതിര്‍ക്കും. നവംബര്‍ ഏഴിന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് കണക്കിലെടുത്ത് ഈമാസം 30 മുതല്‍ നവംബര്‍ ആറുവരെ ചെറുവള്ളി ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനായജ്ഞം നടത്തുമെന്നും പ്രയാര്‍ പറഞ്ഞു. കേസുകളുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നതിനുള്ള ക്ഷേത്രമാണിത്. നവംബര്‍ 16ന് മണ്ഡലകാലം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ സര്‍ക്കാറിന് വേഗമില്ളെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തേക്കാള്‍ കൂടുതല്‍ പണം ശബരിമലയ്ക്കായി നീക്കിവെച്ചതിന് എല്‍.ഡി.എഫ് സര്‍ക്കാറിനെ പുകഴ്ത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവുകൂടിയായ ബോര്‍ഡംഗം അജയ് തറയിലിന്‍െറ സ്വാഗതപ്രസംഗമെന്നതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.