ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തെൻറ വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ മാപ്പ് പറഞ്ഞിട്ടില്ല. ശബരിമല യുവതീപ്രവേശന വിധിയെ തുടർന്നുണ്ടായ സംഘർഷാന്തരീക്ഷത്തിൽ ഖേദമുണ്ട്, വിഷമമുണ്ട് എന്നാണ് താൻ പ്രതികരിച്ചത്. അതിനെ, ശബരിമല വിധിയെ തുടർന്നുണ്ടായ സംഭവങ്ങളിൽ താൻ മാപ്പ് പറഞ്ഞുവെന്നാക്കി ചിത്രീകരിച്ചു. അന്ന് താനത് തിരുത്താൻ പോയില്ല. തിരുത്തിയിരുന്നെങ്കിൽ,' മാപ്പ് പറയില്ലെന്ന് കടകംപള്ളി' എന്ന രീതിയിൽ വളച്ചൊടിച്ചേനെയെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
മന്ത്രി ഖേദപ്രകടനം നടത്തിയതിനാലാണ് യു.ഡി.എഫ് ശബരിമല വിഷയം പ്രചാരണായുധമാക്കിയതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ പരാമർശം ശരിയല്ല. താൻ ഖേദപ്രകടനം നടത്തിയത് കൊണ്ടാണോ തെരഞ്ഞെടുപ്പിന് മുമ്പേ ഫെബ്രുവരി ആദ്യം തന്നെ ഉമ്മൻ ചാണ്ടി ഇതൊരു വിഷയമാക്കി ഉയർത്തിയതെന്നും അദ്ദേഹം ചോദിച്ചു.
പ്രതിസന്ധികാലത്താണ് സുഹൃത്തിനെ തിരിച്ചറിയുകയെന്ന് പറയുന്നതുപോലെ, പ്രതിസന്ധികാലത്ത് പിണറായിയെ ജനം തിരിച്ചറിഞ്ഞു. പാലാരിവട്ടം പാലം പോലെ പൊളിച്ചുകളയാവുന്ന സർക്കാറല്ല ഇത്. കെട്ടിച്ചമച്ച ആരോപണങ്ങളുടെ ചക്രവ്യൂഹത്തെ സമചിത്തതയോടെ പിണറായി നേരിട്ടു. ചരിത്രം പകരം ചോദിക്കാതെ കടന്നുപോയിട്ടില്ല. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചനസമരാഭാസത്തിലൂടെ പിരിച്ചുവിട്ടതിനാണിപ്പോൾ ജനം പകരം വീട്ടിയതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.