ഒരു ക്ഷേത്രത്തില്‍ നിന്നും ഒരണപോലും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല -കടകംപിള്ളി സുരേന്ദ്രൻ
text_fieldsതൃശൂര്‍: ഒറ്റ ക്ഷേത്രത്തില്‍ നിന്നും ഒരണപോലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ആവർത്തിച്ചു. ക്ഷേത്ര ഫണ്ട് സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന ചിലരുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങള്‍ക്ക് നല്‍കുകയല്ലാതെ ക്ഷേത്രങ്ങളില്‍ നിന്നും ഒരണ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് മാറി മാറി വന്ന ഒരു സര്‍ക്കാറും വിഭിന്നമായി ചിന്തിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിെൻറ വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നതിനുള്ള പ്രസാദം പദ്ധതി വടക്കുനാഥന്‍ ക്ഷേത്രം അന്നദാന മണ്ഡപത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിശപ്പില്ലാത്ത കേരളം സര്‍ക്കാറിെൻറ കൂടി പദ്ധതിയാണ്. ദേവസ്വം ബോര്‍ഡ് അതില്‍ കണ്ണിയായതിൽ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നികുതി പണം ചെലവഴിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച് ഐ.ഒ.സി.യും ഭാരത് പെട്രോളിയം കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. 37 ക്ഷേത്രങ്ങളിലാണ് വികസന പദ്ധതി നടപ്പാക്കുന്നത്. സ്ഥലം മാത്രം ക്ഷേത്രങ്ങള്‍ 20 വര്‍ഷത്തെ പാട്ടത്തിന് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
അജയകുമാറില്‍ നിന്നും സംഭാവന സ്വീകരിച്ച മന്ത്രി പ്രസാദം പദ്ധതിക്കുള്ള ഫണ്ട് ശേഖരണവും ഉദ്‌ഘാടനം ചെയ്‌തു. നഗരത്തിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഉച്ചക്ക് ആഹാരം നല്‍കുകയാണ് പ്രസാദ പദ്ധതിയില്‍ ലക്ഷ്യമാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ. എം.കെ. സുദര്‍ശന്‍ പറഞ്ഞു. സംഭാവന വഴിയാണിത് നിര്‍വഹിക്കുക. ദിവസം 500 പേര്‍ക്കാണ് തുടക്കത്തില്‍ കഞ്ഞിയും പുഴക്കും നല്‍കുന്നത്. ആവശ്യമനുസരിച്ച് കൂട്ടും. രാവിലെ 11മുതല്‍ രണ്ടുവരെയാണ് ആഹാര വിതരണം. മുന്‍ മേയര്‍ കെ. രാധാകൃഷ്‌ണനാണ് പദ്ധതിക്ക് പ്രചോദനമെന്ന് ഡോ. സുദര്‍ശനന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.