ക്ഷേത്രം ഏറ്റെടുക്കൽ: വർഗീയ വിഷയമാക്കി മുതലെടുപ്പ് നടത്തുന്നു –മന്ത്രി
text_fieldsതിരുവനന്തപുരം: ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് വര്‍ഗീയവിഷയമാക്കി മുതലെടുപ്പ് നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. പൊതുസമൂഹവും വിശ്വാസികളും യഥാര്‍ഥ വസ്തുത മനസ്സിലാക്കണം.
നാട്ടുകാരിൽ ചിലരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് എട്ടു വര്‍ഷംമുമ്പാണ് പാര്‍ഥസാരഥി ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഹൈകോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെ തുടര്‍ന്ന് കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്പിക്കാന് ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയാണ് ചെയ്തത്.
ഭണ്ഡാരത്തിെൻറയും ലോക്കറുകളുടെയും താക്കോല്‍ കൈമാറിയാല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവരുമെന്ന് ഭയന്നാകാം പഴയ ഭരണസമിതി ഭാരവാഹികള്‍ അതിന് തയാറായില്ല. ക്ഷേത്രം ഏറ്റെടുത്തതിനെതിരെ ഭരണസമിതി ഭാരവാഹികള്‍ വീണ്ടും കോടതിയില്‍ പോയപ്പോള്‍ സ്റ്റേ കിട്ടി. എന്നാല്‍, മാസങ്ങള്‍ക്കകം, സ്റ്റേ റദ്ദ് ചെയ്ത് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈകോടതി പുനഃസ്ഥാപിച്ചു. ആ ഉത്തരവ് നടപ്പിലാക്കാന്‍ എത്തിയ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. ഇതേതുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ കോടതി ഉത്തരവ് നടപ്പാക്കിയത്.
ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും ക്ഷേത്ര ജീവനക്കാരും തന്നെയാണ്. ഇത് മറച്ചുവെച്ചാണ് ക്ഷേത്രം സർക്കാർ പിടിച്ചെടുക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സ്വത്ത് കൈയടക്കാനാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് കുമ്മനം രാജശേഖരന് അടക്കം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ക്ഷേത്രസ്വത്ത് അന്യാധീനപ്പെട്ടുപോകുന്നത് തടയാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ഹൈന്ദവ ആരാധനാലയങ്ങള്‍ മാത്രം മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന പ്രചാരണവും തെറ്റിദ്ധാരണയാണ്. തര്‍ക്കത്തെയും സംഘര്‍ഷത്തെയും തുടര്‍ന്ന് നിരവധി ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളും കേരളത്തിൽ അടച്ചിട്ടിട്ടുണ്ട്. അതിനാല്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല എന്ന് വര്‍ഗീയവാദികള്‍ തിരിച്ചറിയണമെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.