ജനം ടി.വിയെ തള്ളിപ്പറഞ്ഞ ബി.ജെ.പി പെറ്റമ്മയെയും അവഗണിക്കും -കടകംപള്ളി സുരേന്ദ്രൻ
text_fields
തിരുവനന്തപുരം: ജനം ടി.വിയെ കേന്ദ്ര സഹമന്ത്രിയും സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞതോടെ ബി.ജെ.പി എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെറ്റമ്മയെ ഇനി എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടി.വിയിൽ ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമപ്രവർത്തകനെ തള്ളിപ്പറഞ്ഞാൽ നമുക്കത് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, ചാനലിൻെറ ഉത്തരവാദിത്വത്തിൽനിന്ന് നാണംകെട്ട ഒളിച്ചോട്ടമാണ് ബി.ജെ.പി നടത്തുന്നത്. ഇതെല്ലാം സമൂഹം കാണുന്നുണ്ട്. ചാനൽ തങ്ങളുടേതല്ലെന്ന് പറയുന്നത് ആരും വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ ഇവർ പറയുന്ന മറ്റു കാര്യവും ജനങ്ങൾക്ക് വിശ്വസിക്കാനാവില്ല.
എന്ത് നെറികെട്ട നിലപാട് സ്വീകരിക്കാനും നെറികേടുകൾ പ്രവർത്തിക്കാനും ദുഷ്പ്രചാരണങ്ങൾ നടത്താനും മടിയില്ലാത്ത പ്രസ്ഥാനമാണ് ബി.ജെ.പിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിൻെറയും ചാനലാണ് ജനം ടി.വിയെന്നത് ഈ രാജ്യത്ത് അരിയാഹാരം കഴിക്കുന്ന ആർക്കാണ് അറിയാത്തത്. ഒരു അന്തസും ഇക്കാര്യത്തിൽ പാലിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ്. അതിൻെറ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യുകയും പ്രതി ചേർക്കുകയും ചെയ്തു. മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. സ്വർണക്കടത്തിന് പിന്നാലെ കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്തിലെ ഭരണപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്.
വലിയതോതിലുള്ള പ്രചാരണം ഇതിൻെറ ഭാഗമായി നടന്നു. ഒരു ചെറിയ ന്യൂനപക്ഷത്തെയെങ്കിലും ഇതിൻെറ പേരിൽ സർക്കാറിനെതിരെ തെറ്റിദ്ധരിപ്പിക്കാമെന്ന് അവർ കരുതി. തുടക്കം മുതൽ തന്നെ സർക്കാർ കുറ്റമറ്റ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടു. ആ അന്വേഷണം ഫലപ്രദമായി നടക്കുകയാണ്.
പിടികൂടപ്പെട്ട ആളുകളെ സംബന്ധിച്ച് പരിശോധിക്കുേമ്പാൾ അവരിൽ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കൻമാരിൽപ്പെട്ടവരാണ്. മറ്റൊരു വിഭാഗം യു.ഡി.എഫുമായി ബന്ധമുള്ളവരാണ്. സ്വർണക്കടത്തിന് പിന്നിലുള്ളവർ ആരാണെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്. വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഈ അന്വേഷണം എങ്ങോട്ടെല്ലാം എത്തിച്ചേരുമെന്നത് കാത്തിരുന്ന് കാണാം.
കോൺഗ്രസും ബി.ജെ.പിയും സയാമീസ് ഇരട്ടകളായി സർക്കാറിനെ ആക്രമിക്കുകയാണ്. അവർ പരസ്പരം സഹായിച്ചും സ്നേഹിച്ചും കൊടുത്തും വാങ്ങിയും സർക്കാറിനെതിരെ നിൽക്കുന്നു. സ്വർണക്കടത്ത് കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നതിൽ അവർക്ക് യാതൊരു താൽപ്പര്യവുമില്ല. അവർക്ക് സ്വർണക്കടത്തിൻെറ സാമൂഹ്യവും സാമ്പത്തികവും തീവ്രവാദ പരവുമായ കാര്യങ്ങൾ അന്വേഷിക്കുയേ വേണ്ട. സർക്കറിനെതിരെ ചളി വാരിയെറിയാനാണ് അവരുടെ ശ്രമം. എന്നാൽ, അതെല്ലാം വിഫലമാകുന്ന കാഴ്ചയാണ് ദിവസവും കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.