കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം, വനിത ഐ.പി.എസ് ഓഫിസർ കേസ് അന്വേഷിക്കണം
text_fieldsതിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസിൽ മാതാവിന് ജാമ്യം. ഉപാധികളോടെയാണ് മാതാവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വനിത ഐ.പി.എസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കേസ് അന്വേഷണം പുരോഗമിച്ച സാഹചര്യത്തില്‍ ഇനി കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട സാഹചര്യമില്ല എന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കുറ്റകൃത്യം കേട്ടുകേള്‍വിയില്ലാത്തതും അതിശയിപ്പിക്കുന്നതുമാണെന്നും അതുകൊണ്ട് കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. നിലവിലുള്ള സംഘം അന്വേഷണം നടത്തിയാല്‍ പോര. അന്വേഷണത്തിനായി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം രൂപീകരിക്കണം. വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനിലയും മാനസിക നിലയും വിദഗ്ധസമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. വനിതാ ഡോക്ടര്‍ അടക്കമുള്ള മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘത്തെ ഇതിന് നിയോഗിക്കണം. അന്വേഷണത്തിന് ആവശ്യമെങ്കിൽ കുട്ടിയെ പിതാവിന്‍റെ അടുത്തുനിന്ന് മാറ്റി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ താമസിപ്പിക്കാമെന്നും കോടതി നിർദേശിച്ചു.
മാതൃത്വത്തിന്റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിന് മുമ്പേ രൂപംകൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ലെന്നും ജസ്റ്റിസ് ഷെര്‍സി പറഞ്ഞു. അന്വേഷണ പുരോഗതി അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 18 നാണ് കടക്കാവൂർ പൊലീസ് മാതാവിന്‍റെ പേരിൽ പോക്സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ചുവെന്നാണ് കേസ്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതൽ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്‍റെ മൊഴി പുറത്തുവന്നതോടെയാണ് കേസിൽ ട്വിസ്റ്റ് ഉണ്ടായത്.
കേസിൽ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അനവേഷണം നടത്താതെ സമ്മർദ്ദങ്ങൾക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകാത്ത കാര്യങ്ങൾ എഫ്.ഐ.ആറിൽ എഴുതിച്ചേർത്തതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.