കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 23 വർഷം; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാതെ റെയിൽവേ
text_fieldsകടലുണ്ടി: ട്രെയിൻ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും മുൻകാലങ്ങളിൽ നടന്ന ദുരന്തങ്ങളുടെ സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാതെ ഇന്ത്യൻ റെയിൽവേ. 52 പേരുടെ ജീവൻ നഷ്ടപ്പെട്ട കടലുണ്ടി ട്രെയിൻ ദുരന്തത്തെ ക്കുറിച്ച് മിനിറ്റുകൾക്കകം അന്വേഷണത്തിന് ഉത്തരവിട്ട് 23 വർഷമായിട്ടും ദുരന്തകാരണം വ്യക്തമാക്കാൻ കഴിയാതെ റെയിൽവേ ഇരുട്ടിൽ തപ്പുന്നു.
2001 ജൂൺ 22 വൈകുന്നേരം അഞ്ചരക്കുശേഷമായിരുന്നു കടലുണ്ടി ദുരന്തം. കുതിച്ചുവന്ന ട്രെയിൻ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തോടെ കടലുണ്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പിൻഭാഗത്തെ അഞ്ച് കോച്ചുകൾ പാളത്തിൽ നിന്ന് വേർപെട്ടു. ഫസ്റ്റ് ക്ലാസ് എ.സി കോച്ചുകളിൽ മൂന്നെണ്ണം ട്രാക്കിനും പുഴക്കുമിടയിൽ തൂങ്ങിനിൽക്കുന്ന നിലയിലും രണ്ടെണ്ണം പുഴയിൽ മുങ്ങിയനിലയിലുമായിരുന്നു. ഇതിൽ സ്ത്രീകളുടെ ഒരു ബോഗിയും രണ്ടാമത്തേത് ജനറൽ കോച്ചുമായിരുന്നു. മഴ പെയ്തതോടെ വെള്ളത്തിൽ താഴ്ന്നു കിടന്ന കോച്ചിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തൽ ശ്രമകരമായിരുന്നു. എന്നിട്ടും ബോഗികൾ വെട്ടിപ്പൊളിച്ച് ഒട്ടേറെ പേരെ രക്ഷിക്കാൻ നാട്ടുകാർക്ക് കഴിഞ്ഞു. സ്വന്തം ജീവൻ പണയംവെച്ച് നാടു മുഴുവൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതോടെ മരണം 52ൽ ഒതുങ്ങി. ഗുരുതര പരിക്കേറ്റവരടക്കം 225ഓളം യാത്രക്കാർ രക്ഷപ്പെട്ടു.
കടലുണ്ടി പാലം തകർന്നതോടെ ഷൊർണൂർ -മംഗളൂരു റൂട്ടിൽ മാസങ്ങളോളം ട്രെയിൻ ഗതാഗതം മുടങ്ങി. ഈ അവസരം മുതലെടുത്ത റെയിൽവേ, കോച്ചുകളുടെ തകരാർ മൂലം സംഭവിച്ച അപകടമല്ല എന്ന വാദമാണ് മുന്നോട്ടുെവച്ചത്. പാലത്തിന്റെ തൂൺ തകർന്നതാണ് ബോഗികൾ പാളംതെറ്റി മറിയാൻ ഇടയാക്കിയതെന്നായിരുന്നു റെയിൽവേയുടെ കണ്ടെത്തൽ. ഇതിനു പിന്നാലെ കോടികൾ മുടക്കി പുതിയ പാലം നിർമിച്ചു. ട്രാക്കുകളും പാലങ്ങളും ഉൾപ്പെടെ സുരക്ഷിതത്വം പരിശോധിക്കുന്ന റെയിൽവേ സേഫ്റ്റി കമീഷണർ ദുരന്തത്തിന് രണ്ടാഴ്ച മുമ്പ് പരിശോധന നടത്തി പോയതാണെന്നിരിക്കെ റെയിൽവേയുടെ കണ്ടെത്തൽ ചോദ്യംചെയ്യപ്പെട്ടു. ഇതോടെ ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ, കവി സിവിക് ചന്ദ്രൻ, യു. കലാനാഥൻ എന്നിവരടങ്ങിയ ടീമിനെ ദുരന്തകാരണം കണ്ടെത്താനായി ജനകീയ ആക്ഷൻ കമ്മിറ്റി നിയോഗിച്ചു. രക്ഷപ്പെട്ട യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോഗികളുടെ തകരാറാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കമ്മിറ്റി കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെടുമ്പോൾ ബോഗികളിൽനിന്നുണ്ടായ വൻ ശബ്ദം മൂലം യാത്രക്കാർ കൂട്ടമായി നിലവിളിച്ച കാര്യം രക്ഷപ്പെട്ടവർ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നു. കമ്മിറ്റി റിപ്പോർട്ട് റെയിൽവേക്ക് കൈമാറിയെങ്കിലും അത് അവഗണിച്ചു. ദുരന്തകാരണം റെയിൽവേയുടെ വീഴ്ചയാണെന്ന് സി.എ.ജിയും റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ലോക്സഭ ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് അന്നത്തെ റെയിൽവേ സഹമന്ത്രി ഒ. രാജഗോപാൽ വ്യക്തമാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
ജീവൻ നഷ്ടപ്പെട്ട 52 പേരുടെ കുടുംബങ്ങൾക്ക് നാമമാത്ര നഷ്ടപരിഹാരം ലഭിച്ചപ്പോൾ പരിക്കേറ്റ 225 പേരിൽ ഭൂരിഭാഗം പേർക്കും ഒന്നും കിട്ടിയില്ല. പാലത്തിലൂടെ നടന്നുപോകുമ്പോൾ മരിച്ച യുവാവിനും നഷ്ടപരിഹാരം ലഭിച്ചില്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് ജോലി നൽകുമെന്ന വാഗ്ദാനവും ജലരേഖയായി.
സിനിമയിൽ മാത്രം കണ്ട ഞെട്ടിക്കുന്ന കാഴ്ച’
സിനിമയിൽ കാണുന്നപോലെയായിരുന്നു ട്രെയിൻ വീഴുന്ന കാഴ്ചയെന്നായിരുന്നു കടലുണ്ടിനഗരം സ്വദേശി അയ്യിക്കൽ നാലകത്ത് ബീരാൻ കോയ പറയുന്നത്. മകൻ മുഹമ്മദ് ഷഫീഖുമൊത്ത് ചെറുതോണിയിൽ മത്സ്യം പിടിക്കുമ്പോഴായിരുന്നു തൊട്ടുമുന്നിലായി ട്രെയിൻ വീഴുന്നത്. ഭീതിദമായിരുന്നു ആ കാഴ്ച. രക്ഷാപ്രവർത്തനത്തിലേക്ക് എടുത്തുചാടിയ ബീരാൻ കോയ തന്റെ തോണിയിൽ ഓരോ ആളുകളെ കരക്കെത്തിക്കുകയായിരുന്നു.
ആദ്യം അറിയിച്ചത് വേലായുധൻ
ചെന്നൈ മെയിൽ പുഴയിൽ വീണ കാര്യം റെയിൽവേ സ്റ്റേഷനിൽ ആദ്യം അറിയിച്ച വ്യക്തിയാണ് മണൽ തൊഴിലാളിയായ പുഴക്കൽ വേലായുധൻ. രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന വേലായുധന്റെ നേതൃത്വത്തിലുള്ള ടീമിനെയായിരുന്നു പിന്നീടങ്ങോട്ട് ഒരു മാസക്കാലം തോണിയിൽ സഞ്ചരിച്ച് തെളിവെടുപ്പിനും മറ്റുമായി റെയിൽവേ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.