കടമ്പനാട് വില്ലേജ് ഓഫിസറുടെ ആത്മഹത്യ; അന്വേഷണമാവശ്യപ്പെട്ട് വില്ലേജ് ഓഫിസർമാർ കലക്ടർക്ക് പരാതി നൽകി
text_fieldsഅടൂർ: വില്ലേജ് ഓഫിസർ വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫിസർമാർ കലക്ടർക്ക് പരാതി നൽകി. കടമ്പനാട് വില്ലേജ് ഓഫിസറായിരുന്ന അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജാണ് (47) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. ഈമാസം11നായിരുന്നു സംഭവം.
അമിത ജോലിഭാരവും മാനസിക സമ്മർദവും രാഷ്ട്രീയ ഇടപെടലുകളും മൂലമുള്ള മാനസിക സംഘർഷവുമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വില്ലേജ് ഓഫിസർമാർ പരാതി നൽകിയത്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം ഉണ്ടാകണമെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. ദിവസം 12-14 മണിക്കൂർ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്ന വില്ലേജ് ഓഫിസർമാരുടെ മാനസിക സമ്മർദം ലഘൂകരിക്കാനും അനാവശ്യവും ബാഹ്യഇടപെടലുകൾ ഒഴിവാക്കാനുള്ള നടപടികൾ വകുപ്പ് അധികാരികൾ സ്വീകരിക്കണമെന്നും വില്ലേജ് ഓഫിസർമാർ പറയുന്നു. പെരിങ്ങനാട്, പള്ളിക്കൽ, ഏഴംകുളം, അടൂർ, പന്തളം തെക്കേക്കര, തുമ്പമൺ, ഏറത്ത്, കൊടുമൺ, അങ്ങാടിക്കൽ, കുരമ്പാല, പന്തളം, ഏനാദിമംഗലം എന്നീ വില്ലേജുകളിലെ ഓഫിസർമാരാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും പരാതി നൽകിയിരുന്നു. സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബവും മുന്നോട്ട് വന്നിട്ടുണ്ട്.
ആത്മഹത്യക്കുള്ള പ്രേരണ എന്താണെന്ന് കണ്ടെത്തണമെന്നും മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചില ഭരണകക്ഷി രാഷ്ട്രീയ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ഫോണില്‍ രാവിലെ വിളിയെത്തിയിരുന്നു. ഇതിന് ശേഷമാണ് ജീവനൊടുക്കിയതെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം നടക്കണമെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയതായി സഹോദരീഭര്‍ത്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.