മന്ത്രിയില്ലെങ്കിൽ ആര് ഉദ്ഘാടനം ചെയ്യും? എം.എൽ.എയെ നിർബന്ധിച്ച് എം.പി, കൗതുകത്തോടെ നാട്ടുകാർ
text_fieldsപയ്യന്നൂർ: മന്ത്രി ഇല്ലെങ്കിൽ സ്ഥലം എം.പിയും എം.എൽ.എയും പങ്കെടുക്കുന്ന ചടങ്ങിൽ ആര് ഉദ്ഘാടനം ചെയ്യും എന്നതിൽ അധികം തർക്കമില്ല. പ്രോട്ടോകോൾ അനുസരിച്ച് മുഖ്യാതിഥിയായെത്തിയ എം.പിയായിരിക്കും ഉദ്ഘാടനം ചെയ്യുക. എന്നാൽ, ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന എം.എൽ.എയോട് ഉദ്ഘാടന കർമ്മം നിർവഹിക്കാൻ എം.പി തന്നെ ഇടപെട്ട് നിർദേശിച്ചപ്പോൾ നാട്ടുകാർക്ക് അതൊരു പുതിയ അനുഭവമായി.
വെള്ളിയാഴ്ച കടന്നപ്പള്ളി ഈസ്റ്റ് എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനത്തിന് വരാമെന്നേറ്റ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എത്താത്തതിനെ തുടർന്നാണ് എം.വിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയോട് അധ്യക്ഷൻ കൂടിയായ എം.എൽ.എ ആവശ്യപ്പെട്ടു. ഏറെ നിർബന്ധിച്ചുവെങ്കിലും എം.എൽ.എ തന്നെ ഉദ്ഘാടനം ചെയ്യട്ടെ എന്ന് എം.പി നിർദേശിക്കുകയായിരുന്നു. ഏറെ നിർബന്ധിച്ചിട്ടും എം.പി നിലപാടിൽ ഉറച്ചു നിന്നതോടെയാണ് വിജിൻ ഉദ്ഘാടനവും അധ്യക്ഷ സ്ഥാനവും ഒരേ സമയം നിർവഹിച്ചത്.
പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പല വികസന പരിപാടികളുടെയും ചടങ്ങിൽ തന്നെ അവഗണിക്കുന്നതായി എം.പി തന്നെ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് ജനപ്രതിനിധികളുടെയും സ്നേഹവും ബഹുമാനവും സമന്വയിച്ച നിമിഷങ്ങൾ ചർച്ചയായത്.
മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ്റെ മരണത്തെ തുടർന്നാണ് മന്ത്രി ശിവൻകുട്ടി ജില്ലയിലെ പരിപാടികൾ റദ്ദാക്കിയത്. ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടാണ് എം.പി പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിൽ സ്വാഗത പ്രസംഗം നീണ്ടതിനെക്കുറിച്ചും പരാമർശമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.