പൈതൃക സംരക്ഷണത്തിന് പിന്തുടർച്ചയാവാൻ കടന്നപ്പള്ളി
text_fieldsകണ്ണൂർ: ഒരു കോടിയിലേറെ താളിയോലകളാൽ സമ്പന്നമാണ് കേരളത്തിന്റെ പുരാവസ്തു ശേഖരം. അവയുടെ ശാസ്ത്രീയമായ സംരക്ഷണത്തിന് തുടക്കം കുറിച്ചത് ഒന്നാം പിണറായി സർക്കാറിൽ രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു വകുപ്പ് മന്ത്രിയായ കാലത്താണ്. അങ്ങനെയാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര താളിയോല ഗവേഷണ കേന്ദ്രം ഒരുക്കാൻ തീരുമാനിച്ചത്. താളിയോലകളിൽ അധികവും ഭരണപരമായ രേഖകളാണ്. മലയാളം പ്ലാന്റേഷനുമായി തർക്കം ഉണ്ടായപ്പോൾ കോടതിയിൽ ഇവ വായിച്ചു കേൾപ്പിക്കുകയുണ്ടായി.
പുരാവസ്തു സംരക്ഷണത്തിനൊപ്പം വിഴിഞ്ഞം തുറമുഖ വികസനത്തിന് തുടക്കം കുറിക്കുകയും 50 ശതമാനത്തിലേറെ പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തതിന്റെ ചാരിതാർഥ്യത്തിലാണ് അന്ന് കടന്നപ്പള്ളി മന്ത്രിപദം പൂർത്തിയാക്കിയത്. കേരളത്തിന്റെ പൈതൃക സംരക്ഷണത്തിന് പിന്തുടർച്ചയാവാനാണ് കടന്നപ്പള്ളി വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. ഏറ്റവും കൂടുതൽ രവിവർമ ചിത്രങ്ങൾ സ്വന്തമായുള്ള കേരള പുരാവസ്തു വകുപ്പ് അവയുടെ ശാസ്ത്രീയമായ പരിചരണവും സംരക്ഷണവും തുടങ്ങിയതും കടന്നപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. ഇതിനായി കൺസർവേഷൻ ലാബിനു തുടക്കമിട്ടു. ഇന്ത്യയിൽതന്നെ അപൂർവമായ മ്യൂസിയം കോമ്പൗണ്ടിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിനും കടന്നപ്പള്ളി ടച്ചുണ്ട്. ഓരോ ജില്ലയുടെയും തനത് പൈതൃക പാരമ്പര്യ സംരക്ഷണത്തിന് തുടക്കം കുറിച്ചതിന്റെ നേട്ടവും അദ്ദേഹത്തിന് സ്വന്തം. ജില്ല പൈതൃക മ്യൂസിയം പദ്ധതിയുടെ ഭാഗമായി ഇടുക്കി, പാലക്കാട് തുടങ്ങിയ അഞ്ച് ജില്ലകളിലാണ് അന്ന് മ്യൂസിയത്തിന് തുടക്കം കുറിച്ചത്. 100 വർഷം പഴക്കമുള്ളതും ചരിത്ര പ്രാധാന്യവുമുള്ള 11 ചരിത്രസ്മാരകങ്ങളാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പുതുതായി സംരക്ഷണ സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയത്. കൈത്തറി മ്യൂസിയം, തെയ്യം മ്യൂസിയം, കുടിയേറ്റ മ്യൂസിയം, എ.കെ.ജി മ്യൂസിയം തുടങ്ങിയവക്ക് വിത്തുപാകിയ ആത്മവിശ്വാസത്തിലാണ് രണ്ടാം പിണറായി സർക്കാർ പുരാവസ്തു വകുപ്പ് കടന്നപ്പള്ളിക്ക് നൽകാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.