കടവത്തൂരിൽ സംഘർഷം; പാലത്തായി പീഡനക്കേസ് പ്രതിയുടെ ബൈക്ക് കത്തിച്ചു, വീടുകൾക്ക് നേരെ അക്രമം
text_fieldsപാനൂർ: കടവത്തൂർ മേഖലയിൽ സംഘർഷം തുടരുന്നു. നാലു വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. പാലത്തായി പീഡനക്കേസ് പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന്‍റെ ബൈക്ക് കത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ് ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച സുലൈഖയുടെ വീടിന് നേരെയായിരുന്നു ആദ്യ ബോംബേറ് നടന്ന്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഒരുമ നഗറിലെ ലീഗ് പ്രവർത്തകൻ വാർപ്പിൽ നാസറുടെ വീടിനും ബി.ജെ.പി. സ്ഥാനാർഥിയായി മൽസരിച്ച പെരുവാമ്പ്ര ഷാനിമയുടെയും ബി.ജെ.പി പ്രവർത്തകൻ കണിയാംകുന്നുമ്മൽ ജയപ്രകാശിന്‍റെ വീടിന് നേരെയുമാണ് തുടർന്ന് ബോംബേറ് നടന്നത്. നാസറിന്‍റെ മതിലിനും ഷാനിമയുടെ ഗേറ്റിന്‍റെ തൂണിനും ജയപ്രകാശന്‍റെ കുളിമുറിയുടെ ജനൽ ഗ്ലാസിനും കേടുപറ്റി. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഇരുവീട്ടിലും അക്രമം നടന്നത്.
പത്മരാജന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL-58 A1228 സി.ബി.സെഡ് ബൈക്കാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ പത്മരാജന്‍റെ അമ്മ ചീരുവും സഹോദരൻ മുകുന്ദനുമാണ് താമസം. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി നേതാവ് വി.പി. ബാലൻ ആരോപിച്ചു. കൊളവല്ലൂർ എസ്.എച്ച്.ഒ ലതീഷിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.