കടമക്കുടി കൂട്ട ആത്മഹത്യ: പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് കുടുംബം, പൊലീസ് കേസെടുത്തു
text_fieldsകൊച്ചി: കടമക്കുടിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയാണെന്ന് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ ലോൺ ആപ്പായ ഹാപ്പി വാലറ്റിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി.
ചൊവ്വാഴ്ച പുലർച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോ, ഭാര്യ ശിൽപ, ഏഴും അഞ്ചും വയസുള്ള മക്കളായ എയ്ബൽ, ആരോൺ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു.
ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്മെന്റും ശിൽപയുടെ മോർഫ് ചെയ്ത ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.
തിരിച്ചടവ് മുടങ്ങിയതിലുള്ള ഭീഷണിസന്ദേശങ്ങള്‍ ശില്പയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശില്പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശില്പ അവധിക്ക് നാട്ടിലെത്തിയത്.
ജാഗ്രത! കുരുക്കാണ് ലോൺ ആപ്പുകൾ
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയാണ് ആളെക്കൊല്ലികളായ കഴുത്തറപ്പൻ ലോൺ ആപ്പുകള്‍ ഇടപാടുകാരെ വലവീശിപ്പിടിക്കുന്നത്. ബാങ്കിൽ കയറിയിറങ്ങാതെ ഏതാനും ക്ലിക്കുകളിലൂടെ വായ്പത്തുക കൈയിലെത്തും എന്നതാണ് ഇരകളെ ആകർഷിക്കുന്ന പ്രധാന സംഗതി. കടക്കെണിയില്‍ അകപ്പെട്ടവരോ പണത്തിന് അത്യാവശ്യമുള്ളവരോ ഈ പരസ്യം കാണുന്നതോടെ ഇതില്‍ ആകൃഷ്ടരാകും. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ ആപ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനിലേക്കാണ് നീങ്ങുന്നത്. ചില പരസ്യങ്ങളില്‍ അവരുടെ ഓണ്‍ലൈന്‍ സൈറ്റിലേക്കായിരിക്കും ലിങ്ക് തുറക്കുന്നത്. ആപ് ഇൻസ്റ്റാള്‍ ആകുന്നതോടെ ഫോണിലെ എല്ലാ വിവരങ്ങളും കമ്പനി ശേഖരിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ തന്നെ കെണിയിലായെന്നാണർഥം.
ആധാര്‍, പാന്‍ നമ്പര്‍, വിലാസം എന്നിവ നല്കുമ്പോള്തന്നെ പണം അക്കൗണ്ടിലേക്ക് എത്തുന്നതാണ് രീതി. എന്നാല്‍, തിരിച്ചടവ് തുടങ്ങുമ്പോള്‍ പലിശ ഉയര്‍ത്തി ഇ.എം.ഐയില്‍ വന്‍ വര്‍ധനയുണ്ടാക്കും. തിരിച്ചടവ് ദിവസം ഒരു മണിക്കൂര്‍ മാറിയാല്‍പോലും വലിയ തുക പലിശ നല്‍കേണ്ടിവരും. പലിശയുൾപ്പെടെ ഉള്ള തുക തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഫോണിൽനിന്ന് തന്നെ കൈക്കലാക്കിയ ഉപഭോക്താവിന്റെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് അവരുടെ തന്നെ ഫോണിലുള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തും.
ഫോണിൽ മറ്റു സ്വകാര്യവിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും കൈവശപ്പെടുത്തും. ആലോചിച്ചിരിക്കുന്ന നേരം കൊണ്ട് തട്ടിപ്പുകാർ ഇതെല്ലാം ചെയ്തിരിക്കും. പുറത്ത് പറയാനും പരാതിപ്പെടാനുമുള്ള മടി ജീവനൊടുക്കുന്നതിലാണ് പലപ്പോഴും എത്തുന്നത്. സ്ത്രീകളെ ഉന്നം വയ്ക്കുന്ന ഇൻസ്റ്റന്റ് വായ്പാ തട്ടിപ്പ് സംഘം, നഗ്നചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
വിഡിയോ കോൾ വിളിച്ച് ശല്യം ചെയ്യുന്ന സംഘങ്ങളുമുണ്ട്. പണം നൽകിയാലും വീണ്ടും ആവശ്യപ്പെടും. വ്യത്യസ്ത നമ്പറുകളിൽ നിന്ന് വിളിക്കും. തിരിച്ചു വിളിച്ചാൽ കിട്ടില്ല. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കും. അപമാനഭാരം കൊണ്ട് പലരും പരാതിപ്പെടില്ല. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഇവരെ കുടുക്കുക എളുപ്പമല്ല.
പൊലീസ് ഓർമപ്പെടുത്തുന്നു
വിവരങ്ങൾ ചോർത്താനായുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് അക്കൗണ്ട് നമ്പർ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഒ.ടി.പി, പിൻ, സി.വി.വി എന്നിവ ആരുമായും പങ്കിടരുത്. മൊബൈലിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ റിമോട്ട് ആക്സസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. സൈബര്‍ ലോകത്ത് ഇടപാടുകാരെ മാനം കെടുത്തുന്നതാണ് തട്ടിപ്പുകാരുടെ ഒരു രീതി. സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്ക് ഇടപാടുകാരുടെ നഗ്നചിത്രങ്ങളോ വിഡിയോകളോ തയാറാക്കി അയച്ചു കൊടുക്കുക, സോഷ്യല്‍ മീഡിയ ഐ.ഡി ഹാക്ക് ചെയ്ത് അശ്ലീല സന്ദേശം അയക്കുക തുടങ്ങിയവയിലൂടെയാണ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നത്. ഒപ്പം സിബില്‍ സ്കോര്‍ അടക്കമുള്ളവയെ ദോഷമായി ബാധിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇടപാടുകാര്‍ക്ക് മറ്റൊരു സാമ്പത്തിക ഇടപാടും നടത്താന്‍ കഴിയാത്ത തരത്തില്‍ പൂട്ട് വീഴുകയും ചെയ്യും. പണവും മാനവും നഷ്ടപ്പെട്ട് പലരും പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാറുണ്ടെങ്കിലും ഇത്തരം ആപ്പുകളുടെ പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിക്കാറില്ല. ഏതാനും പേരെ കമ്പളിപ്പിച്ച് കഴിയുന്നതോടെ ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍നിന്ന് അപ്രത്യക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.